ഭോപ്പാൽ : ഭാര്യയുടെ സന്തോഷം നശിക്കാതിരിക്കാൻ ഭർത്താവ് അവരെ കാമുകനൊപ്പം വിട്ടു. ഭോപ്പാലിനു സമീപം താമസിക്കുന്ന സോഫ്ട്‌വെയർ എൻജിനിയറായ യുവാവാണ് ഈ മഹാമനസ്കൻ. ഭാര്യയ്ക്ക് എപ്പോൾ വേണമെങ്കിലും തന്റെ വീട്ടിൽ വന്ന് കുട്ടികളെ കാണുന്നതിനുള്ള അനുവാദവും ഇയാൾ നൽകിയിട്ടുണ്ട്. വിവാഹത്തിന് മുമ്പുണ്ടായിരുന്ന കാമുകനൊപ്പമാണ് യുവതി ഇപ്പോൾ.
ഏഴുവർഷം മുൻപായിരുന്നു ദമ്പതികളുടെ വിവാഹം. പ്രശ്നങ്ങളൊന്നുമില്ലാതെ വളരെ സന്തോഷത്തോടെയാണ് കുടുംബം കഴിഞ്ഞത്. രണ്ടു മക്കളുമുണ്ട്.
കുറച്ചുനാൾ മുമ്പ് തന്റെ കാമുകൻ അവിവാഹിതനായി കഴിയുന്നത് അറിഞ്ഞതോടെ യുവതിക്ക് അയാളെ കാണണമെന്ന് തോന്നി. കാണുകയും ചെയ്തു. രഹസ്യമായിട്ടായിരുന്നു ഇത്. അയാളുടെ കാര്യങ്ങൾ അറിഞ്ഞതോടെ ഒപ്പം കഴിയണമെന്ന ആഗ്രഹമുദിച്ചു. പിന്നീട് പലയിടത്തുവച്ചും ഇവർ പരസ്പരം കണ്ടു.കൂടിക്കാഴ്ചകൾ ആരുമറിയാതിരിക്കാൻ ഇരുവരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പക്ഷേ, ബന്ധം ഭർത്താവറിഞ്ഞു.
അതോടെ കുടുംബത്തിൽ പ്രശ്നങ്ങൾ തുടങ്ങി. ഒടുവിൽ വിവാഹ മോചനത്തിന്റെ വക്കിൽ വരെയെത്തി. അപ്പോഴാണ് അപ്രതീക്ഷിതമായി ഭർത്താവ് കുടുംബകോടതിയിലെത്തി ഭാര്യയ്ക്ക് കാമുകനൊപ്പം പോകാനുള്ള അനുമതി നൽകിയത്. ഒറ്റ കണ്ടീഷൻ മാത്രമേ അയാൾക്കുണ്ടായിരുന്നുള്ളൂ. കുട്ടികളെ തനിക്കൊപ്പം നിറുത്തണം. ആവശ്യം യുവതിയും അംഗീകരിച്ചു.ദമ്പതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.