തിരുവനന്തപുരം: കുഴിബോംബ് ഇതുവരേയും പൊട്ടിയിട്ടില്ലാത്ത കേരളത്തിൽ മൈൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാന പൊലീസ് ഒന്നരക്കോടി രൂപാ മുടക്കി മൈൻ പ്രൊട്ടക്ടർ വാങ്ങാൻ ആലോചിക്കുന്നു. ഇതുവരെ പേരിനെങ്കിലും മൈൻ ആക്രമണമുണ്ടാകുകയോ കണ്ടെത്തുകയോ ചെയ്തിട്ടില്ലാത്ത സംസ്ഥാനത്ത് നക്സൽ - തീവ്രവാദ ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് മിലിട്ടറി മോഡൽ കവചിത വാഹനം സ്വന്തമാക്കാൻ പൊലീസ് തീരുമാനിച്ചത്. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മാവോയിസ്റ്റ് വേട്ടയുടെയും മുഖ്യമന്ത്രിയ്ക്ക് ഉൾപ്പെടെയുള്ള മാവോയിസ്റ്റ് ഭീഷണിയുടെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആന്റീ മാവോ - നക്സൽ ഭീഷണിക്കെതിരായ പോരാട്ടം ശക്തമാക്കുകയാണ് ലക്ഷ്യം. ഇതിനായാണ് 'ആന്റി മൈൻ പ്രൊട്ടക്ടർ ഫോർ കൗണ്ടർ ഇൻസർജൻസി ഓപ്പറേഷൻസ് ഫോർ ആൾ റൗണ്ട് പ്രോട്ടക്ഷൻ' എന്ന കവചിത വാഹനം വാങ്ങുന്നത്.
കേരളത്തിൽ മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളും വനമേഖലകളുമായി അതിർത്തി പങ്കിടുന്ന മറ്റ് ജില്ലകളിലും മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ളതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നുവർഷത്തിനിടെ 6 മാവോയിസ്റ്റുകളാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്.
മൈൻ ഡിറ്റക്ടറിന്റെ പ്രത്യേകതകൾ
ബി.എസ് 4 വെഹിക്കിൾ
പത്ത് സീറ്റ്
കരുത്തുറ്റ 6000 സിസി എൻജിൻ
കുഴിബോംബുകൾ കണ്ടെത്താനുള്ള സെൻസറുകളും സ്കാനറുമുൾപ്പെടെ ആധുനിക സംവിധാനങ്ങൾ
ഏത് പ്രതികൂല സാഹചര്യങ്ങളെയും നേരിടാനുള്ള ശേഷി
150 ലിറ്റർ ഇന്ധനശേഷി
42 മില്ലി മീറ്റർ കനമുള്ള ബുള്ളറ്ര് പ്രൂഫ് ഗ്ളാസുകൊണ്ട് നിർമ്മിച്ച വിൻഡോകൾ
ശത്രുക്കളെ തുരത്താൻ പത്ത് ഫയറിംഗ് പോയിന്റുകൾ
നിരീക്ഷണത്തിന് അത്യാധുനിക കാമറകൾ
തെർമൽ ഇമേജിംഗ് കാമറ സംവിധാനം
വയർലസ് ഉൾപ്പെടെയുള്ള അത്യാധുനിക വാർത്താവിനിമയ സൗകര്യം
കേരളത്തിലുണ്ടായ മാവോയിസ്റ്ര് ഏറ്റുമുട്ടലുകൾ
2013 ഫെബ്രുവരി
നിലമ്പൂർ വനമേഖലയിൽ കേരളത്തിലെ ആദ്യ മാവോയിസ്റ്റ് സാന്നിദ്ധ്യം. പോത്തുകല്ലിലെ വിവിധ വനമേഖലകൾ, വഴിക്കടവ് പഞ്ചായത്തിലെ മരുത, പുഞ്ചക്കൊല്ലി, കരുളായി വനമേഖലയിലെ മാഞ്ചീരി, അമരമ്പലം മേഖലകളിൽ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടായി.
2014 നവംബർ
തിരുനെല്ലിയിലെ റിസോർട്ടിൽ മാവോയിസ്റ്റ് അക്രമം. ഓഫീസ് തകർത്തു. കുഞ്ഞോത്തെ വനംവകുപ്പ് ഔട്ട് പോസ്റ്റ്, പാലക്കാട് സൈലന്റ് വാലി, മുക്കാലി റേഞ്ച് ഓഫീസ്, പാലക്കാട് നഗരത്തിലെ കെ.എഫ്.സി എന്നിവിടങ്ങളിലും മാവോയിസ്റ്റ് അക്രമം.
2014 ഡിസംബർ 7
വയനാട്ടിലെ തൊണ്ടർനാട് ചപ്പകോളനിയിൽ ഡിവൈ.എസ്.പി അടക്കമുള്ള പൊലീസ് സംഘവും മാവോവാദികളും നേർക്കുനേർ ഏറ്റുമുട്ടി. സംഭവശേഷം മട്ടിലയത്ത് പൊലീസുകാരന്റെ ബൈക്ക് കത്തിച്ചു.
6 ഏറ്റുമുട്ടൽ 3 മരണം
2016 നവംബർ 24
മലപ്പുറം കരുളായി വനത്തിൽ പൊലീസും മാവോവാദികളും ഏറ്റുമുട്ടി തമിഴ്നാട് സ്വദേശികളായ സി.പി.ഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം കുപ്പുദേവരാജും കാവേരി എന്ന അജിതയും കൊല്ലപ്പെട്ടു.
2019 മാർച്ച് 7
ലക്കിടിയിലെ സ്വകാര്യ റിസോർട്ടിൽ തണ്ടർബോൾട്ടുമായി ഏറ്റുമുട്ടി മാവോവാദിയായ സി.പി. ജലീൽ കൊല്ലപ്പെട്ടു.
2019 ഒക്ടോബർ 28
അട്ടപ്പാടി മഞ്ചക്കണ്ടി ഊരിൽ തണ്ടർബോൾട്ട് തെരച്ചിലിനിടെ വെടിവയ്പ്പിൽ മാവോവാദികളായ
ചിക്കമംഗലൂർ സ്വദേശികളായ ശ്രീമതി, സുരേഷ്, കാർത്തി എന്നിവർ കൊല്ലപ്പെട്ടു.