uddhav-thackerey

മുംബയ്: 'ഞാൻ എന്റെ അച്ഛൻ ബാലാസാഹേബിന് മുമ്പ് ഒരു വാക്ക് നൽകിയിരുന്നു.. ശിവസേനയിൽ നിന്നും ഒരാൾ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകും.. ഞാൻ ആ വാക്ക് പാലിച്ചിരിക്കും.' മാസങ്ങൾക്ക് മുമ്പ് ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ പറഞ്ഞ ഈ വാക്കുകൾ അധികാമാരും പ്രാധാന്യം കൊണ്ടില്ല. എന്നാൽ, ഇന്ന് മഹാരാഷ്ട്രയുടെ 19ാമത്തെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ അധികാരമേൽക്കുകയാണ്. ശിവസേനയുടെ സ്ഥാപകനും തന്റെ പിതാവുമായ ബാൽ താക്കറെയ്‌ക്ക് നൽകിയ വാക്ക് പാലിച്ച് കൊണ്ടാണ് താക്കറെ കുടുംബത്തിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയായി ഉദ്ധവ് ഇന്ന് സിംഹാസനത്തിലേറുന്നത്.

സേന, എൻ.സി.പി, കോൺഗ്രസ് പാർട്ടികളുടെ സഖ്യമായ ' മഹാരാഷ്ട്ര വികാസ് അഘാഡി'യുടെ മുഖ്യമന്ത്രിയായി ഉദ്ധവ് സ്ഥാനാരോഹണം ചെയ്യപ്പെടുന്നതോടെ തന്റെ പിതാവിന് നൽകിയ വാക്ക് മാത്രമല്ല നിറവേറ്റുന്നത്, ഒപ്പം ബി.ജെ.പിയെ ശക്തമായ ഒരു പാഠം കൂടി പഠിപ്പിച്ചിരിക്കുകയാണ്. തന്നെയും സേനയേയും നിസാരമായി കണ്ട ഫഡ്നാവിസിനും ബി.ജെ.പിയ്ക്കും ചുട്ട മറുപടി. മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ആവശ്യം ബി.ജെ.പി നിരാകരിച്ചതോടെ പൊതുവെ സൗമ്യ സ്വഭാവക്കാരനായ ഉദ്ധവ് ഉറച്ച തീരുമാനമെടുക്കുകയായിരുന്നു. തന്റെ പാർട്ടിയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ 30 വർഷം പഴക്കമുള്ള ബി.ജെ.പി സഖ്യമാണ് ഉദ്ധവ് പൊട്ടിച്ചെറി‌ഞ്ഞത്.

അതി കൗശലത്തോടെയാണ് ബി.ജെ.പിക്കെതിരെയുള്ള ഓരോ കാർഡും ഉദ്ധവ് നിരത്തിയത്. തീവ്ര ഹിന്ദു നിലപാട് സ്വീകരിക്കുന്ന സേനയിൽ നിന്നും ഏറെ വ്യത്യസ്തരായ എൻ.സി.പിയോടും കോൺഗ്രസിനോടും ചർച്ച നടത്താനായി മൃദു സമീപനത്തോടെയാണ് ഉദ്ധവ് എത്തിയത്. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയോടും എൻ.സി.പി അദ്ധ്യക്ഷൻ ശരത് പവാറിനോടുമാണ് ഉദ്ധവ് നന്ദി പറയുന്നത്.

'മുഖ്യമന്ത്രി പദത്തിനായുള്ള അധികാരക്കൊതി തങ്ങൾക്കില്ല. എന്നാൽ, ബി.ജെ.പി തങ്ങൾക്ക് ഒരു വാക്ക് തന്നിരുന്നു. അവർ അത് നിറവേറ്റിയില്ല. അവർ എന്നെ വിശ്വസിച്ചില്ല. എന്നാൽ, പ്രതിപക്ഷ പാർട്ടികൾ എന്നെ വിശ്വസിച്ചു. തന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ കർഷകരുടെയും സാധാരണക്കാരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കും. ' ഉദ്ധവ് പറയുന്നു.

നീണ്ട 20 വർഷങ്ങൾക്ക് ശേഷമാണ് ശിവസേനയിൽ നിന്നും ഒരു മുഖ്യമന്ത്രി സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്. ഇതാദ്യമായാണ് 1966ൽ ബാൽതാക്കറെ സ്ഥാപിച്ച ശിവസേന, കോൺഗ്രസും എൻ.സി.പിയുമായി കൈകോർക്കുന്നത്.

ഫോട്ടോഗ്രാഫി കമ്പക്കാരൻ

ബാൽ താക്കറെയുടെയും മീന താക്കറയെുടെയും മൂന്ന് മക്കളിൽ ഇളയവനായി 1960 ജൂലായ് 27നാണ് ഉദ്ധവ് ജനിച്ചത്. ബാൽ താക്കറെയ്ക്ക് ശേഷം അദ്ദേഹത്തിന്റെ സഹോദര പുത്രനായ രാജ് താക്കറെ സേനയുടെ ചുമതല ഏറ്റെടുക്കുമെന്ന് ഒരു കാലത്ത് വിശ്വസിക്കപ്പെട്ടിരുന്നു. ആദ്യം രാജ് താക്കറെയാണ് ബാൽ താക്കറെയുടെ രാഷ്ട്രീയ കാര്യങ്ങളിൽ തത്പരനായി മുൻപന്തിയിൽ ഉണ്ടായിരുന്നത്. ഉദ്ധവിന് ഏകദേശം 40 വയസുവരെ പുസ്‌തക രചനയിലും വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലുമായിരുന്നു താത്പര്യം. രാഷ്ട്രിയ കാര്യങ്ങളിൽ ഉദ്ധവിന്റെ പേര് വിരളമായിരുന്നു. ശിവസേനയുടെ മുഖപത്രമായ സാമ്‌നയുടെ പിന്നാമ്പുറങ്ങളിൽ നിന്നാണ് ഉദ്ധവ് രാഷ്ട്രിയത്തിലേക്ക് ചുവട് വയ്‌ക്കുന്നത്. 1999ൽ സേനാ മുഖ്യമന്ത്രിയായിരുന്ന നാരായൺ റാണെയുടെ ഭരണത്തെയും പ്രവർത്തനത്തെയും പരസ്യമായി ഉദ്ധവ് വിമർശിച്ചു. ഉദ്ധവിന്റെ പോര് ഒടുവിൽ റാണെയുടെ രാജിയിലാണ് ചെന്നെത്തിയത്. റാണെ പിന്നീട് പാർട്ടിയിൽ നിന്നും പുറത്താവുകയും ചെയ്തു.

2002ൽ ഗ്രേറ്റർ മുംബയ് മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഉദ്ധവിന്റെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് ലഭിച്ചത് വമ്പൻ ജയമായിരുന്നു. ഇതിന് ശേഷമാണ് ഉദ്ധവിന്റെ രാഷ്ട്രീയ വളർച്ച തുടങ്ങുന്നത്. 2003ൽ ഉദ്ധവ് പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റു. തുടർന്ന് ഉദ്ധവുമായി തെറ്റിപ്പിരിഞ്ഞ രാജ് താക്കറെ 2006ൽ മഹാരാഷ്ട്ര നവ്നിർമാൺ സേന എന്ന പാർട്ടി രൂപീകരിച്ചു. പിതാവ് ബാൽ താക്കറെയുടെ മരണത്തെ തുടർന്ന് 2012ലാണ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് ഉദ്ധവ് വരുന്നത്.

രശ്‌മി താക്കറെയാണ് ഉദ്ധവിന്റെ ഭാര്യ. ആദിത്യ, തേജസ് എന്നിവരാണ് മക്കൾ. ഇത്തവണ വർലി മണ്ഡലത്തിൽ നിന്നും വിജയിച്ച ഉദ്ധവിന്റെ മകൻ ആദിത്യയാണ് താക്കറെ കുടുംബത്തിൽ നിന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ അംഗം. സേനയുടെ യുവാക്കളുടെ വിഭാഗമായ യുവസേനയുടെ അദ്ധ്യക്ഷൻ കൂടിയാണ് ആദിത്യ. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമായ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി പദം അലങ്കരിക്കുന്ന 59 കാരനായ ഉദ്ധവിലേക്ക് ഇനി ദേശീയ രാഷ്ട്രിയത്തിന്റെ ശ്രദ്ധ തിരിയും.

ഇനി ഉദ്ധവിന് ആറ് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കണം. സേനയിലെ ഏതെങ്കിലും എം.എൽ.എ ഉദ്ധവിനായി മണ്ഡലം ഒഴി‌‌ഞ്ഞുകൊടുക്കുമെന്നാണ് സൂചന. ഒരുപക്ഷേ, മകൻ ആദിത്യതന്നെ വർലി മണ്ഡലം ഒഴിഞ്ഞേക്കാം. എന്നാൽ, ആദിത്യയ്ക്ക് മന്ത്രി സ്ഥാനം ലഭിക്കുകയാണെങ്കിൽ സേനയുടെ തന്നെ ഏതെങ്കിലും എം.എൽ.എയായിരിക്കും സീറ്റ് ഒഴിയുക.