കിളിമാനൂർ: റേഷൻ കാർഡിൽ തിരിമറി നടത്തി റേഷൻ സാധനങ്ങൾ കരിഞ്ചന്തയിൽ വിറ്റ കേസിൽ പ്രതിയായ പഞ്ചായത്ത് മെമ്പർ ആ സ്ഥാനം രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രക്ഷോഭം സംഘടിപ്പിക്കും. പുളിമാത്ത് ഗ്രാമ പഞ്ചായത്ത് മെമ്പറും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എ. അഹമ്മദ് കബീറിന്റെയും പുളിമാത്ത് പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന രുഗ്മിണിയമ്മയുടെയും പേരിൽ അഹമ്മദ് കബീറിന്റെ റേഷൻകടയിൽ ഇരുവരും ചേർന്ന് തിരിമറി നടത്തിയതിന് ഇവരെ ഒന്നും രണ്ടും പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഈ സാഹചര്യത്തിൽ അഹമ്മദ്കബീർ പുളിമാത്ത് പഞ്ചായത്ത് മെമ്പർ സ്ഥാനം ഉടൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് 29 ന് വൈകിട്ട് 4 ന് കടലുകാണി ജംഗ്ഷനിൽ സി.പി.എം പുളിമാത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തുമെന്ന് പുളിമാത്ത് ലോക്കൽ സെക്രട്ടറി ജയേന്ദ്ര കുമാർ, പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ് ബി .വിഷ്ണു തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു. താളിക്കുഴി ആശാരിക്കവല പാറവിളവീട്ടിൽ ജനാർദ്ദനൻ നാടാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ജനാർദ്ദനൻനാടാരുടെ മരിച്ച മകൻ അനിൽകുമാറിന്റെ പേരിലുള്ള റേഷൻ കാർഡിൽ (ബി.പി.എൽ) വിദേശത്ത് ജോലി ചെയ്തുവരുന്ന മറ്റൊരു ആളിന്റെ ഫോട്ടോ പതിച്ച് റേഷൻസാധനങ്ങൾ തട്ടിയെടുത്ത് കരിഞ്ചന്തയിൽ വിറ്റുവെന്നാണ് പ്രതികൾക്കെതിരെയുള്ള പരാതി. സിവിൽ സപ്ലൈസ് വകുപ്പ് അഹമ്മദ് കബീറിന്റെ റേഷൻകടയുടെ ലൈസൻസ് റദ്ദാക്കിയിരുന്നു.