pazhayidam

കാഞ്ഞങ്ങാട‌്: കലോത്സവത്തിന് സദ്യയെന്നാൽ അത് പഴയിടം തന്നെ! ഇക്കുറിയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പുതുരുചിയുടെ കൂട്ടുമായി പഴയിടം മോഹനൻ നമ്പൂതിരി എത്തി. 2005ലാണ് യാദൃച്ഛികമായി പഴയിടം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പാചകപുരയുടെ കടിഞ്ഞാൺ ഏറ്റെടുത്തത്. പഴയിടം സദ്യ വിളമ്പുന്ന പതിനഞ്ചാമത്തെ കലോത്സവമാണ് ഇപ്പോൾ കാസർകോട്ട് നടക്കുന്നത്. സദ്യ കെങ്കേമമാക്കാൻ പഴയിടവും സംഘവും ഇന്നലെ പുലർച്ചയോടെയാണ് കാഞ്ഞങ്ങാടെത്തിയത്. കാത്തുനിന്ന 'ഫ്ലാഷ്' സംഘത്തോട് അദ്ദേഹം പറഞ്ഞു 'കാസർകോടും കൂടിയേ ഉണ്ടായിരുന്നുള്ളൂ...'

അറുപതാമത‌് സംസ്ഥാന സ‌്കൂൾ കലോത്സവത്തിനെത്തിയ മത്സരാർത്ഥികൾക്കുൾപ്പെടെ ഒരു ലക്ഷം പേർക്കാണ് ഇത്തവണ പഴയിടം ഭക്ഷണമൊരുക്കുന്നത്. അറുപതോളം ജീവനക്കാരടങ്ങുന്നതാണ് പഴയിടത്തിന്റെ ഭക്ഷണസംഘം. ഇന്നലെ രാത്രി മുതൽ ഊട്ടുപുരയിലെ ഭക്ഷണ വിതരണം ആരംഭിച്ചു. ഇന്ന് രാവിലത്തെ പ്രഭാത ഭക്ഷണത്തോടെ ഊട്ടുപുര സജീവമായി. ഇടിയപ്പവും വെജിറ്റബിൾ കറിയുമായിരുന്നു രാവിലത്തെ ഭക്ഷണം.

നാളെ ഇഡ്ഡലിയും ശനിയാഴ്ച പുട്ടും സമാപനദിവസം ഉപ്പുമാവുമായിരിക്കും പ്രഭാത ഭക്ഷണം. 15,000 പേർക്ക‌് ഇലയിട്ട‌് ഉച്ചഭക്ഷണം വിളമ്പും. സാമ്പാർ, പുളിശേരി, അവിയൽ, വറവ‌്, പച്ചടി, പപ്പടം, മോര‌്, പാലട പ്രഥമൻ, രസം, ബോളി എന്നിവയാണ‌് ഒന്നാം ദിവസത്തെ ഉച്ചഭക്ഷണ വിഭവങ്ങൾ. പകൽ 11നും വൈകുന്നേരവും ലഘു പലഹാരത്തോടെ ചായയുണ്ടാകും. നാലു ദിവസവും വ്യത്യസ‌്ത തരം പായസമുണ്ടാകും. പത്ത് തരം കറികൾ എല്ലാ ദിവസവും ഒരുക്കുമെന്നാണ് പഴയിടം പറയുന്നത്. ഇതിനൊപ്പം എല്ലാദിവസവും ഒരു സ്പെഷ്യൽ കറിയുമുണ്ടാവും. അത് കാസർകോടിന്റെ തനത് രുചി നിറയുന്നതായിരിക്കും.

ഭക്ഷണം നൽകുന്നതിന‌് ഒന്നര ലക്ഷം ഇലയാണ് സംഘടിപ്പിച്ചത്. സംസ്ഥാന ഹോർട്ടികോർപ്പിന്റെ സഹായത്തോടെയാണ‌് ഇല സംഭരണം നടന്നത്. സദ്യവട്ടത്തിനടക്കം സാധനങ്ങളെല്ലാം സിവിൽ സപ്ലൈസ‌് മുഖേനയാണ് വാങ്ങുന്നത്. പാൽ, തൈര‌്, മോര‌് എന്നിവ മിൽമയിൽനിന്ന‌് എത്തിക്കും. പാചകത്തിന‌് പൂർണമായും ഗ്യാസ‌് അടുപ്പാണ‌് ഉപയോഗിക്കുക. 200 ഗ്യാസ‌് സിലിണ്ടറുകൾ ഇതിനായി എത്തിച്ചിട്ടുണ്ട്. പേപ്പർ, പ്ളാസ്റ്റിക് ഗ്ലാസുകളും വലിച്ചെറിയുന്ന പാത്രങ്ങളും പൂർണമായും ഒഴിവാക്കും. 3000 സ‌്റ്റീൽ ഗ്ലാസുകളാണ് കുടിവെള്ള വിതരണത്തിന‌് ഉപയോഗിക്കുന്നത്. കാസർകോട് ജില്ലയിലെ അദ്ധ്യാപകർ പാചകശാലയിൽ ഭക്ഷണം വിതരണം ചെയ്യാൻ മുഴുവൻ സമയവും ഉണ്ടാകും.

എല്ലാ ദിവസവും രാത്രി 8000 പേർക്ക‌് പായസം ഒഴികെയുള്ള ഭക്ഷണം നൽകും. ഹരിതച്ചട്ടം പാലിച്ചായിരിക്കും ഭക്ഷണശാല പ്രവർത്തിക്കുക.

കുടിവെള്ളം എത്തിക്കുന്നതിന‌് പാചകശാലയിലേക്ക‌് രണ്ട‌് ഫിൽറ്റർ പോയിന്റുകൾ പ്രത്യേകം തയാറാക്കിയിട്ടുണ്ട‌്. 23 കൗണ്ടറുകളിലാണ‌് ഭക്ഷണ വിതരണം. മൂന്നു കൗണ്ടറുകൾ വി.ഐ.പികൾക്കാണ‌്. ഒരു കൗണ്ടറിൽ ഒരു സമയം നൂറു പേർക്ക‌് ഭക്ഷണം നൽകും. ഒരേസമയം 2300 പേർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്. എല്ലാ ദിവസവും ഉച്ചയ്ക്ക് 12ന‌് ഭക്ഷണം വിളമ്പി തുടങ്ങും. മൂന്നിന് മുമ്പ‌് മുഴുവൻ പേരും ഭക്ഷണം കഴിച്ചു എന്നുറപ്പ് വരുത്തുമെന്നും പഴയിടം മോഹനൻ നമ്പൂതിരി 'ഫ്ലാഷി'നോട് പറഞ്ഞു.

 നാലു ദിവസവും നാലുതരം പായസം

 പത്ത് തരം കറികൾ

 എല്ലാദിവസവും കാസർകോട് സ്പെഷ്യൽ കറി

 വെള്ളം സ്റ്റീൽ ഗ്ലാസിൽ മാത്രം

 ഒരേസമയം 2300 പേർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യം