നെടുമങ്ങാട്: റബർ കാർഷിക വിപണിയിലെ പ്രതിസന്ധികൾ ചർച്ച ചെയ്യാൻ റബർ ഉത്പാദക സംഘങ്ങളുടെ ഏകോപന സമിതിയായ എൻ.എഫ്.ആർ.പി.എസും റബർ ബോർഡുമായി സഹകരിച്ച് കേരളകൗമുദി സംഘടിപ്പിക്കുന്ന റബർ കർഷക സംഗമവും സംവാദവും ഇന്ന് രാവിലെ 10.30ന് നെടുമങ്ങാട് റവന്യൂ ടവർ അങ്കണത്തിൽ നടക്കും. എൻ.എഫ്.ആർ.പി.എസ് റീജിയണൽ പ്രസിഡന്റ് പൂവത്തൂർ എ.ആർ. നാരായണൻ നായരുടെ അദ്ധ്യക്ഷതയിൽ ദേശീയ പ്രസിഡന്റ് ക്യാപ്ടൻ ജോർജ് ജോസഫ് ഉദ്‌ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു കർഷകർക്ക് ഉപഹാരം നൽകും. ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയൻ പ്രത്യേക സപ്ലിമെന്റ് പ്രകാശനം ചെയ്യും. കേരളകൗമുദി യൂണിറ്റ് ചീഫ് കെ. അജിത്കുമാർ മോഡറേറ്ററാവും. ഡെപ്യൂട്ടി റബർ പ്രൊഡക്ഷൻ കമ്മിഷണർ കെ. കൃഷ്ണൻകുട്ടി, ഡെവലപ്മെന്റ് ഓഫീസർ കെ.ജി. ജയകുമാർ, അനന്തപുരി റബേഴ്‌സ് മാനേജിംഗ് ഡയറക്ടർ എസ്. നിർമ്മലകുമാർ എന്നിവർ ചർച്ച നയിക്കും. പ്രാദേശിക റബർ ഉത്പാദക സംഘങ്ങളുടെ പ്രസിഡന്റുമാർ, ടാപ്പിംഗ് തൊഴിലാളികൾ, റബർ ബോർഡ് ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. എൻ.എഫ്.ആർ.പി.എസ് ദേശീയ വൈസ് പ്രസിഡന്റ് കരിക്കുഴി അപ്പുക്കുട്ടൻ നായർ മറുപടി പറയും. റീജിയണൽ ജനറൽ സെക്രട്ടറി ബി.എൽ. കൃഷ്ണപ്രസാദ് സ്വാഗതവും കേരളകൗമുദി ലേഖകൻ എസ്.ടി. ബിജു നന്ദിയും പറയും.