മഹാരാഷ്ട്രയിൽ ഒരു മാസത്തിലധികം നീണ്ട രാഷ്ട്രീയ പൊറാട്ടു നാടകത്തിനൊടുവിൽ ശിവസേനയുടെ നേതൃത്വത്തിൽ ത്രികക്ഷി മന്ത്രിസഭ ഇന്ന് സ്ഥാനമേൽക്കുകയാണ്. വിരുദ്ധചേരിയിൽ നിന്നിരുന്ന എൻ.സി.പിയും ബദ്ധവൈരികളായ കോൺഗ്രസുമാണ് ശിവസേനയുടെ സഖ്യകക്ഷികൾ. എൻ.സി.പി നിയമസഭാകക്ഷി നേതാവായി കരുതപ്പെട്ടിരുന്ന അജിത് പവാറിനെ വിശ്വസിച്ച് കൊച്ചുവെളുപ്പാൻകാലത്ത് അധികാരമേൽക്കാൻ ചാടിപ്പുറപ്പെട്ട ബി.ജെ.പിക്ക് തീർത്താൽ തീരാത്ത നാണക്കേടുണ്ടാക്കിയാണ് ഈ അധികാര നാടകത്തിനു തിരശീല വീഴുന്നത്. കഷ്ടിച്ച് എൺപതു മണിക്കൂർ മാത്രം മുഖ്യമന്ത്രിക്കസേരയിലിരിക്കാനേ രണ്ടാമൂഴം സ്വപ്നം കണ്ട ദേവേന്ദ്ര ഫഡ്നാവിസിനു സാധിച്ചുള്ളൂ. സുപ്രീംകോടതി മഹാരാഷ്ട്ര പ്രശ്നത്തിൽ കർക്കശ തീരുമാനമെടുത്തപ്പോൾത്തന്നെ അദ്ദേഹത്തിന്റെ ചീട്ടുകീറിയെന്നു ബോദ്ധ്യമായതാണ്. നിയമസഭയിൽ ബുധനാഴ്ച വൈകിട്ട് നടക്കേണ്ട വിശ്വാസ വോട്ടെടുപ്പിനു കാത്തിരിക്കാതെ ഫഡ്നാവിസ് രാജിവച്ചൊഴിഞ്ഞതു നന്നായി. അദ്ദേഹത്തോടൊപ്പം അധികാരമേറ്റ എൻ.സി.പി നേതാവ് അജിത് പവാർ ചൊവ്വാഴ്ച രാവിലെ തന്നെ രാജിക്കത്തു നൽകി 'കുടുംബ"ത്തിലേക്കു മടങ്ങിയിരുന്നു. ബന്ധുക്കളെ വിട്ട് ബി.ജെ.പിക്കൊപ്പം പോയ അദ്ദേഹത്തിന്റെ അവിവേകം ശരദ്പവാറും പാർട്ടിയും പൊറുത്തുവെന്നാണു കേൾക്കുന്നത്. ഈ രാഷ്ട്രീയ വിളയാട്ടത്തിൽ മറ്റാരെക്കാളും നേട്ടമുണ്ടായതും അജിത് പവാറിനാണ്. അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന 70000 കോടി രൂപയുടെ അഴിമതിക്കേസുകൾ മഹാരാഷ്ട്ര അഴിമതിനിരോധന ബ്യൂറോ എഴുതിത്തള്ളിയിരുന്നു. ഫഡ്നാവിസിന്റെ നേതൃത്വത്തിൽ മന്ത്രിസഭയുണ്ടാക്കാൻ ആവശ്യമായത്ര എൻ.സി.പി എം.എൽ.എമാരെ എത്തിച്ചുകൊള്ളാമെന്ന ഉറപ്പിന്റെ പുറത്തായിരുന്നു ഇത്. എന്നാൽ കാര്യങ്ങൾ വിചാരിച്ച പോലെ നടക്കാത്തതിനാൽ അജിത് പവാർ മാത്രമായി ഒടുവിൽ ബി.ജെ.പിയെ പിന്തുണയ്ക്കാൻ. പുതിയ കൂട്ടുകക്ഷി മന്ത്രിസഭയിൽ സ്ഥാനം കിട്ടുമോ എന്നു തത്കാലം തീർച്ചയില്ലെങ്കിലും എടുത്താൽ പൊങ്ങാത്തത്ര അഴിമതിക്കേസുകൾ ഒഴിവായിക്കിട്ടിയത് ഏറ്റവും വലിയ ലാഭമായി കരുതി അദ്ദേഹത്തിനു സമാധാനിക്കാം. അചിരേണ മന്ത്രിസഭയിൽ കടന്നുകൂടാൻ കഴിഞ്ഞാൽ അതും വലിയ ഭാഗ്യമായി കരുതാം.
ബി.ജെ.പിയുടെ 'ജനാധിപത്യ വിരുദ്ധ" നീക്കങ്ങൾ പരാജയപ്പെടുത്തി അധികാരം പിടിച്ചത് വലിയ വിജയമായി ശിവസേനയുടെയും എൻ.സി.പിയുടെയും നേതാക്കൾ അഭിമാനം കൊള്ളുന്നുണ്ട്. സഖ്യത്തിലെ മൂന്നാം കക്ഷിയായ കോൺഗ്രസാകട്ടെ ഒരു പടി കൂടി കടന്ന് തങ്ങളാണ് യഥാർത്ഥ വിജയശില്പികളെന്ന് ഊറ്റം കൊള്ളുന്നു. എന്നാൽ മഹാരാഷ്ട്രയിലെ ഈ അധികാര പോരാട്ടത്തിൽ ബി.ജെ.പി ഉൾപ്പെടെ ഒരു കക്ഷിക്കും അഭിമാനിക്കാനോ ധാർമ്മികത അവകാശപ്പെടാനോ കഴിയില്ല എന്നതാണു യാഥാർത്ഥ്യം. ആദർശമോ രാഷ്ട്രീയ മര്യാദയോ ലവലേശമില്ലാത്ത നിലയിലല്ലേ അവിടെ കാര്യങ്ങൾ മുന്നേറിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന നാൾ തൊട്ടേ മുഖ്യമന്ത്രിക്കസേരയ്ക്കായി വിലപേശൽ തുടങ്ങിയ ശിവസേനയുടെ നിലപാടിൽ എന്തു രാഷ്ട്രീയ ധാർമ്മികതയാണുള്ളത്. രണ്ടുപതിറ്റാണ്ടിലേറെയായി ബി.ജെ.പിയുമായി സഖ്യത്തിലിരുന്ന് അധികാരം പങ്കിട്ടുപോന്ന ശിവസേന ഈ തിരഞ്ഞെടുപ്പിലും സഖ്യകക്ഷി തന്നെയായിരുന്നു. ആ നിലയിൽത്തന്നെയാണ് വോട്ടിനായി ജനങ്ങളെ സമീപിച്ചതും. വോട്ടർമാർ ബി.ജെ.പി - ശിവസേനാ സഖ്യത്തിനാണ് ഭൂരിപക്ഷം നൽകിയത്. തിരിച്ചടി ഉണ്ടായെങ്കിലും ബി.ജെ.പിക്ക് 105 സീറ്റും സഖ്യകക്ഷിയായ ശിവസേനയ്ക്ക് 56 സീറ്റും ലഭിച്ചപ്പോൾ സഖ്യം വീണ്ടും അധികാരത്തിൽ വരുമെന്നു തന്നെയാണ് വോട്ടർമാർ പ്രതീക്ഷിച്ചത്. അപ്പോഴാണ് മുഖ്യമന്ത്രിപദം രണ്ടരവർഷം വീതം പങ്കിടണമെന്ന ഉപാധിയുമായി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ പിടിമുറുക്കിയത്. അതും ആദ്യ രണ്ടര വർഷം തങ്ങൾക്കു തന്നെ വേണമെന്നു അദ്ദേഹം ശാഠ്യം പിടിച്ചെന്നു മാത്രമല്ല, തന്റെ പുത്രൻ ആദിത്യ താക്കറെയാകും മുഖ്യമന്ത്രിയാകാൻ പോകുന്നതെന്നുകൂടി അവകാശവാദമുന്നയിച്ചു. വലിയ കക്ഷി എന്ന നിലയിൽ ബി.ജെ.പി ഈ ആവശ്യം തിരസ്കരിച്ചതോടെയാണ് പിന്നീടുണ്ടായ ചുവടുമാറ്റങ്ങൾ.
ത്രികക്ഷി സഖ്യത്തിന് കോൺഗ്രസ് നേതൃത്വം പച്ചക്കൊടി കാണിച്ചതോടെ മന്ത്രിസഭാ രൂപീകരണം ഉറപ്പായെന്നു ബോദ്ധ്യമായപ്പോഴാണ് ബി.ജെ.പി അവസാനത്തെ അടവു പുറത്തെടുത്തതും സമീപകാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടി ഏറ്റുവാങ്ങിയതും. എൻ.സി.പി നേതാവ് അജിത് പവാറിന്റെ വാക്ക് വിശ്വസിച്ച് രംഗത്തിറങ്ങിയ ബി.ജെ.പി നേതൃത്വം എല്ലാ ജനാധിപത്യ - ഭരണഘടനാ തത്വങ്ങളും കാറ്റിൽ പറത്തിയാണ് ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി വാഴിച്ചത്. രാജ്യത്തു നടക്കുന്ന നിയമവിരുദ്ധമായ കാര്യങ്ങൾ സസൂക്ഷ്മം വീക്ഷിക്കാനും തീരുമാനമെടുക്കാനും പരമോന്നത കോടതി ഉണ്ടെന്നുള്ള ബോധം പോലുമില്ലാതെയാണ് അത്യുന്നത പദവികൾക്കു പോലും കളങ്കമുണ്ടാക്കുന്ന വിധത്തിൽ ഇതൊക്കെ നടന്നത്. സ്വയം ഏറ്റുവാങ്ങിയ ഈ രാഷ്ട്രീയ നാണക്കേടിൽ നിന്നു മോചിതമാകാൻ ബി.ജെ.പിക്ക് സമയം വേണ്ടിവരും. അമിത് ഷാ ഇനിയും മനസിലാക്കാത്ത രാഷ്ട്രീയ അടവുകളും പാഠങ്ങളും ശരദ്പവാറിന്റെ പക്കലുണ്ടെന്നു മനസിലാക്കാതെ പോയതാണ് ഏറ്റവും വലിയ വീഴ്ചയ്ക്ക് കാരണമായത്.
മഹാരാഷ്ട്രയിൽ ഭരണത്തിന്റെ പങ്കുപറ്റാൻ അവസരം ലഭിച്ച കോൺഗ്രസ് നേതൃത്വം അത്യാഹ്ളാദത്തിലാണ്. പ്രഖ്യാപിത നിലപാടുകൾ ദൂരെയെറിഞ്ഞുകൊണ്ടാണ് ശിവസേനയുമായി ചേർന്ന് അധികാരം പങ്കിടുന്നതെന്ന വസ്തുത കോൺഗ്രസ് നേതാക്കൾ മറന്നുകൂടാത്തതാണ്.