kilimanoor-ramakanthan

കിളിമാനൂർ രമാകാന്തൻ ഓർമ്മയായിട്ട് 10 വർഷം

ടലാവണക്കിന്റെ തണ്ടുമുറിച്ച്, അതിന്റെ സുഷിരത്തിലൂടെ ഊതുമ്പോൾ കറ വർണോജ്വലമായ ഗോളപരമ്പരകളായി പറന്നുയരും. ബാല്യകാലത്ത് അങ്ങനെ ചെയ്യുമ്പോൾ അതിന്റെ രൂപഭാവങ്ങളെല്ലാം സ്വന്തം സൃഷ്ടിയാണല്ലോ എന്ന ചാരിതാർത്ഥ്യം അനുഭവിച്ചിരുന്നു. ഒരുതരം അഭിമാനവും ആത്മസംതൃപ്തിയും അതുളവാക്കിയിരുന്നു. അഞ്ചുവയസിലെ, ആ സംതൃപ്തി തന്നെയാണ് കവിതാ രചനയിലും അനുഭവപ്പെടുന്നത്. പതിനഞ്ചു വർഷം മുമ്പ് എന്തിനെഴുതുന്നു എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കവി കിളിമാനൂർ രമാകാന്തൻ. പഴയ വർണഗോളങ്ങളിലും പുതിയ കവിതകളിലും നിറഞ്ഞു നിൽക്കുന്നത് സ്വന്തം പ്രാണവായുവാണെന്ന് രമാകാന്തൻ വ്യഞ്ജിപ്പിക്കുകയായിരുന്നു.

മാറിമാറിവരുന്ന ചുറ്റുപാടുകൾ ചെലുത്തുന്ന സമ്മർദ്ദത്തിന്റെ ഫലമാണ് കവിത. ഇന്നു നല്ലതെന്നു തോന്നുന്ന കവിത നാളെ അങ്ങനെയല്ല എന്നു തോന്നിയേക്കാം. മറിച്ച് ചില രചനകൾ നിത്യനൂതനമായി അനുഭവപ്പെട്ടു എന്നുവരാം. പിൽക്കാലത്ത് എന്തു സംഭവിക്കുന്നു എന്ന് ഉത്കണ്ഠപ്പെടാതെ കവിക്ക് തോന്നുമ്പോഴെല്ലാം എഴുതിയേ തീരൂ. നാലഞ്ചു ദശകക്കാലം നിരന്തരമായി എഴുതിക്കൊണ്ടിരുന്ന അനുഗൃഹീതനും പ്രമുഖനുമായ കവിയാണ് കിളിമാനൂർ രമാകാന്തൻ.

. രമാകാന്തന്റെ വൈവിദ്ധ്യമാർന്ന രചനകളിൽ ഈ സവിശേഷതകളെല്ലാം പ്രതിഫലിക്കുന്നുണ്ട്. ഒരു ഹൃദയത്തിന് ദുഃഖം കൊള്ളാൻ സാരങ്ങളും നിസാരങ്ങളുമായ കാരണങ്ങൾ മതിയാവും. ഭാവനാ സൃഷ്ടമായ സംഭവങ്ങളിൽ നിന്നുപോലും അത്തരം സൃഷ്ടികൾ ഉണ്ടായിട്ടുണ്ട്.

മൃദുവായ കരസ്പർശം കൊണ്ടും കവിത വിടർത്തുന്ന കവിയാണ് രമാകാന്തൻ. അനാശാസ്യമായ ബലപ്രയോഗത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള കവിതയെഴുത്തിന്റെ പുതിയ രീതി ഈ കവിയിൽ നിന്നു അകന്നു നിൽക്കുന്നു. തീക്ഷ്ണമായ ജീവിതയാഥാർത്ഥ്യങ്ങളെ നിരീക്ഷിക്കുമ്പോഴും ഈ കവിയുടെ വാക്കുകളിൽ നിന്നും കവിത്വം ചോർന്നു പോകുന്നില്ല. അന്നു കുരുക്ഷേത്രമൊന്നു മാത്രമാണെങ്കിൽ ഇന്നു ഭൂവാകെ കുരുക്ഷേത്രമാണെന്നും (ഇടയന്റെ പാട്ട്) ഇന്നു ഞാൻ ഉച്ചയുടെ പാട്ടുകാരൻ, പൊള്ളുന്ന വെയിലിന്റെ പാട്ടുകാരൻ എന്നും (ഉച്ചയുടെ പാട്ടുകാരൻ) വാക്കുകൾ ശരംപോലെ തുളയ്ക്കുന്നു. ഇടിവെട്ടിൽ നിന്നുമെടുത്തുകൊള്ളട്ടെ ഞാൻ ഒരു തൂവൽ കുത്തിക്കുറിക്കാൻ, (ഇടിത്തൂവൽ) എന്ന അഭ്യർത്ഥനയിൽ ശക്തിയെയും സൗന്ദര്യത്തെയും സമന്വയിക്കാൻ ആഗ്രഹിക്കുന്ന കവിയെ കാണാം.

'പത്താമത്തെ രത്നം' ഒരു പക്ഷേ രമാകാന്തന്റെ ഏറ്റവും ചെറിയ കവിതയാവാം. ലളിതമായൊരു സത്യം ഒരു നാട്യവും കൂടാതെ പറഞ്ഞപ്പോൾ അതൊരു കവിതയായി.

പത്താമതും രത്നമുണ്ടെന്റെ വീട്ടിലെ -

പത്താമ്പുറത്തുള്ള പൂച്ചതൻ കൺകളിൽ

കിളിമാനൂർ രമാകാന്തന്റെ കവിതകൾ എന്ന സമാഹാരത്തിന്റെ മുഖവുരയിൽ കവി പറയുന്നു. മേഘത്തിൽ നിന്നു വർഷബിന്ദുക്കൾ പൊഴിയുന്നതുപോലെയും മിഴികളിൽ നിന്ന് അശ്രുകണങ്ങൾ അടർന്നു വീഴുന്നതു പോലെയുമാണ് കവിയുടെ മനസിൽ നിന്ന് കവിത വരുന്നത്.

എഴുപത്തൊന്നു വർഷത്തെ ജീവിതം എന്തായിരുന്നു എന്ന ചോദ്യത്തിന് ഉത്തരങ്ങൾ ഒരുപാടില്ല. കവി, അദ്ധ്യാപകൻ അതിനപ്പുറം പറയുന്നതൊന്നും രമാകാന്തനെ സംബന്ധിച്ചിടത്തോളം പ്രധാനമല്ല. ദാന്തെയുടെ ഡിവൈൻ കോമഡിക്ക് ഇന്ത്യൻ ഭാഷകളിലെ ഏക കാവ്യപരിഭാഷയാണ് രമാകാന്തന്റേത്. ഗുരുപഥം മഹാകാവ്യം, ഇഫീജീനിയ നാടകം തുടങ്ങിയവയും അദ്ദേഹത്തിന്റെ കൃതികളാണ്. കിളിമാനൂർ രമാകാന്തൻ അന്തരിച്ചപ്പോൾ ചില അനുസ്മരണ കുറിപ്പുകളും ലേഖനങ്ങളും പത്രമാസികകളിൽ പ്രത്യക്ഷപ്പെട്ടതൊഴിച്ചാൽ മലയാളത്തിലെ കവിതാ നിരൂപണം ഈ കവിയുടെ നേർക്ക് ഉദാസീനത പുലർത്തുകയായിരുന്നു. അത് കവിതയുടെ ദൗർബല്യത്തെയല്ല നിരൂപണത്തിന്റെ അനാരോഗ്യത്തെയാണ് കാണിക്കുന്നത്.

ലേഖകന്റെ ഫോൺ : 8547430310