hiro

ടോക്കിയോ: ഹിരോഷിമ അണുബോംബ് ദുരന്ത സ്മാരകമായ ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്കിൽ മുഖ്യമന്ത്റി പിണറായി വിജയൻ പുഷ്പചക്രമർപ്പിച്ചു. ജപ്പാനിലെത്തിയ മുഖ്യമന്ത്രിയും സംഘവും ഇന്നലെയാണ് പാർക്കും മ്യൂസിയവും സന്ദർശിച്ചത്. കേരളത്തിലെ ജനങ്ങൾക്കു വേണ്ടി ദുരന്തസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കാനായതിൽ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്റി പറഞ്ഞു. ഈ സ്മാരകം ആണവ യുദ്ധത്തിന്റെ ഭയാനകതയിലേക്ക് ജനങ്ങളുടെ കണ്ണ് തുറപ്പിക്കുന്നു. ഇനിയൊരിക്കലും ആണവായുധം ഉപയോഗിക്കപ്പെടരുത്. ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്കിലേക്കും മ്യൂസിയത്തിലേക്കും അ​റ്റോമിക് ബോംബ് ഡോമിലേക്കുമുള്ള സന്ദർശനം വികാരപരമായ അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്വീകരണത്തിനും പ്രദർശനങ്ങൾ വിശദീകരിച്ചതിനും ഹിരോഷിമാ നഗരത്തിലെ രാജ്യാന്തര നയതന്ത്റ വിഭാഗത്തോടും പീസ് കൾച്ചർ ഫൗണ്ടേഷനോടും മുഖ്യമന്ത്റി നന്ദി പറഞ്ഞു.

രാജ്യാന്തര നയതന്ത്റ വിഭാഗം ഡയറക്ടർ യൂക്കോ ഷിഗെമിസു, ചീഫ് ഡോ. യാസുകോ ഒശാനെ, ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയം ഡെപ്യൂട്ടി ഡയറക്ടർ കട്സ്‌നോബു ഹമോക എന്നിവർ മുഖ്യമന്ത്റിയെയും സംഘാംഗങ്ങളെയും സ്വീകരിച്ചു. ജപ്പാനും ഹിരോഷിമയും സന്ദർശിക്കുന്ന ആദ്യ കേരള മുഖ്യമന്ത്റിയാണ് പിണറായി വിജയൻ. മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.