തിരുവനന്തപുരം: പട്ടത്തെ സ്വകാര്യ ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്ന് വീണ് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ എ.ആർ. രാജേഷിന്റെയും കോട്ടയം എസ്.ബി.ഐയിൽ ഉദ്യോഗസ്ഥയായ ഗീതാകൃഷ്ണയുടെയും മകൻ നിരഞ്ജൻ ആർ. രാജേഷാണ് (16) മരിച്ചത്. ഇന്നലെ പുലർച്ചെ 2.30ന് ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാരാണ് നിരഞ്ജൻ വീണ് കിടക്കുന്നത് കണ്ട് വിവരം രക്ഷിതാക്കളെ അറിയിച്ചത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥിയാണ്. ഫ്ലാറ്റിന്റെ കിടപ്പുമുറിയോട് ചേർന്ന ജനാലയുടെ ഇളക്കി മാറ്റാവുന്ന വാതിലിലൂടെ സൺഷെയ്ഡിലെത്തിയ നിരഞ്ജൻ അവിടെ ഇരിക്കുന്നതിനിടെ അബദ്ധത്തിൽ താഴെ വീണതാകാമെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. കൊല്ലം മലനട പോരുവഴി സ്വദേശിയായ രാജേഷും കരമന സ്വദേശിയായ ഗീതാകൃഷ്ണനും കുടുംബവും മൂന്ന് വർഷമായി പട്ടത്തെ ഫ്ലാറ്റിൽ വാടകയ്ക്കാണ് താമസം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം നടന്നു. പട്ടം കെ.വിയിലെ വിദ്യാർത്ഥിനി മീനാക്ഷി സഹോദരിയാണ്. മ്യൂസിയം പൊലീസ് കേസെടുത്തു.