തിരുവനന്തപുരം : പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഏതു കോഴ്സും പഠിക്കുന്നതിനുള്ള സഹായം നൽകുമെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഐ.സി. എസ് .ഇ.ടി.എസിന്റെയും പ്രസ്ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പി.ജി ഡിപ്ലോമ ഇൻ ജേർണലിസം കോഴ്‌സിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നഴ്‌സറി മുതൽ മെഡിക്കൽ കോളേജ് വരെ വകുപ്പിന് കീഴിലുണ്ട്. പി.എസ് .സി പ്രീ എക്‌സാം സെന്ററും ഐ.എ.എസ് പഠനകേന്ദ്രവുമുണ്ട്. ഈ വർഷം വിദേശ പഠനം ആഗ്രഹിച്ച 30 കുട്ടികൾക്ക് 25 ലക്ഷം രൂപ വീതം വകുപ്പ് അനുവദിക്കുന്നുണ്ട് . തൊഴിൽ മേഖലയിലേക്ക് കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനു സൗകര്യമൊരുക്കിവരുന്നതായും അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് സോണിച്ചൻ പി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ് , പ്രസ് ക്ലബ്ബ് സെക്രട്ടറി എം. രാധാകൃഷ്ണൻ , മീഡിയ അക്കാഡമി മുൻ ചെയർമാൻ തോമസ് ജേക്കബ്, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജേർണലിസം ഡയറക്ടർ ഋഷി കെ.മനോജ് , പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ പി.ഐ ശ്രീവിദ്യ എന്നിവർ സംസാരിച്ചു.