kovalam

കോവളം: വെങ്ങാനൂർ കട്ടച്ചൽകുഴിയിൽ ഒറ്റയ്‌ക്ക് താമസിക്കുകയായിരുന്ന വൃദ്ധയുടെ മൃതദേഹം വീട്ടിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. ഗുരുദേവ ഭജനമഠത്തിനു സമീപം തിരണിവിള വീട്ടിൽ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ ഓമനയുടെ (62) മൃതദേഹമാണ് ഇന്നലെ രാവിലെ 6ഓടെ കിടപ്പുമുറിയിലെ തടിക്കട്ടിലിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളിയായ ഓമന മക്കളുടെ വിവാഹ ശേഷം 15 വർഷമായി തകരഷീറ്റ് മേഞ്ഞ ഈ വീട്ടിലാണ് താമസിച്ചിരുന്നത്.

അയൽവാസിയായ ബന്ധു വസന്തയാണ് വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഇവർ ബന്ധുക്കളെയും അയൽവാസികളെയും വിവരം അറിയിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഇലക്ട്രിക് ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ കത്തിനശിച്ചിട്ടുണ്ട്. ബാലരാമപുരം പൊലീസും നെയ്യാറ്റിൻകര ഫയർഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തിയാണ് തീകെടുത്തിയത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തമാണോ, ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നീ കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫോറൻസിക് വിദഗ്ദ്ധർ, ഡോഗ് സ്‌ക്വാഡ്, വിരലടയാളവിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. നെയ്യാറ്റിൻകര തഹസിൽദാർ മോഹൻകുമാറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇൻക്വസ്റ്റ് തയ്യാറാക്കിയത്. ബാലരാമപുരം എസ്.ഐ വിനോദ്കുമാർ, അഡിഷണൽ എസ്.ഐ തങ്കരാജ്, എ.എസ്.ഐ പ്രശാന്ത്, സി.പി.ഒ അനിൽചിക്കു, ഗ്രേഡ് എസ്.ഐ സാജൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ബാലരാമപുരം പൊലീസ് കേസ് എടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം ഇന്നലെ വൈകിട്ടോടെ പുത്തൻകാനത്തെ കുടുംബവീട്ടുവളപ്പിൽ സംസ്‌കരിച്ചു. മക്കൾ: അനിത, സുനിത.

ദുരൂഹതയെന്ന് ബന്ധുക്കളും നാട്ടുകാരും

ഭർത്താവ് കുഞ്ഞിരാമൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. പെൺമക്കളെ വിവാഹം കഴിപ്പിച്ച ശേഷം ഓമന തനിച്ചാണ് താമസിച്ചിരുന്നത്. ഇവരുടെ മക്കൾ പുത്തൻകാനം ഗുരുമന്ദിരത്തിന് സമീപത്തും മൂലയിൽ കുഴിയിലുമാണ് താമസിക്കുന്നത്

ഓമനയുടെ മൃതദേഹം കട്ടിലിൽ കിടക്കുന്ന രീതിയിൽ ആയിരുന്നതിനാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളിയായ ഓമന ഇന്നലെ സമീപത്തെ വീടുകളിൽ പോയിരുന്നെന്നും രാത്രി 7ഓടെ പലരെയും ഫോണിൽ വിളിച്ചിരുന്നതായും പ്രദേശവാസികൾ പറയുന്നു. സീരിയൽ കാണുന്ന ശീലമുള്ളത് കൊണ്ട് വൈകിട്ട് ആറുമണിക്ക് ശേഷം ഇവരെ പുറത്ത് കാണാറില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. ശ്രീകല ആവശ്യപ്പെട്ടു.