തിരുവനന്തപുരം: സഹകരണസംഘങ്ങൾ നൽകുന്ന കാർഷിക വായ്പയുടെ തോത് 40 ശതമാനമായി ഉയർത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 'കാർഷിക മേഖലയിൽ സഹകരണ ബാങ്കുകളുടെ ഇടപെടൽ സാദ്ധ്യതകൾ" എന്ന വിഷയത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ ഗവേണൻസിൽ ഹരിതകേരള മിഷൻ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെല്ലുത്പാദനത്തിനായി പാലക്കാട്ടെ സഹകരണ സംഘങ്ങൾ നടത്തുന്ന സംഭരണ കേന്ദ്രം പോലെ ഓരോ ജില്ലയുടെയും പ്രത്യേക കാർഷിക വിളകളുടെ ഉത്പാദനത്തിനും വിപണനത്തിനുമായി പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടിവ് വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ. സീമ അദ്ധ്യക്ഷയായിരുന്നു. നവകേരളം കർമ്മപദ്ധതി കോ ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, സഹകരണസംഘം രജിസ്ട്രാർ ഡോ. പി.കെ. ജയശ്രീ, അഡിഷണൽ രജിസ്ട്രാർ സജാദ്, കേരള കാർഷിക സർവകലാശാല ഡയറക്ടർ ഒഫ് എക്സ്റ്റൻഷൻ ഡോ. ജിജു പി. അലക്‌സ്, ഹരിപ്രിയാദേവി .വി.വി തുടങ്ങിയവർ സംസാരിച്ചു. ശില്പശാല ഇന്ന് സമാപിക്കും.