തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് കുറയ്ക്കില്ലെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ തദ്ദേശസ്ഥാപനങ്ങളെ ആദരിക്കുന്ന 'മികവിന്റെ ആദരം" പരിപാടി വഴുതക്കാട് മൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വേനൽക്കാലത്ത് പഞ്ചായത്തുകളിൽ സമ്പൂർണ ശുചിത്വ പദ്ധതി നടപ്പാക്കണം. സ്‌കൂൾ വിദ്യാർത്ഥികളുടെ നിലവാരം ഉയർത്താൻ തദ്ദേശസ്ഥാപനങ്ങൾ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷനായിരുന്നു. പാപ്പിനിശേരി, കോലഴി, മാറഞ്ചേരി, തിരുനാവായ, ശൂരനാട് വടക്ക്, പടിയൂർ കല്യാട്, കാലടി, ബുധനൂർ, കീനാനൂർ, കരിന്തളം ഗ്രാമപഞ്ചായത്തുകളെയും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനെയും നെടുമങ്ങാട്, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തുകളെയും ചടങ്ങിൽ ആദരിച്ചു. മേയർ കെ. ശ്രീകുമാർ, അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, തദ്ദേശഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ, പ്രിൻസിപ്പൽ ഡയറക്ടർ എൻ. പത്മകുമാർ, പഞ്ചായത്ത് ഡയറക്ടർ ബി.എസ്. തിരുമേനി, ഐ.ടി മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. ചിത്ര .എസ്, എം.ജി.എൻ.ആർ.ഇ.ജി.എസ് മിഷൻ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ തുടങ്ങിയവർ പങ്കെടുത്തു.