തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവായിരുന്ന എം.എൻ. ഗോവിന്ദൻ നായർ ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രധാനിയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എം.എൻ അനുസ്മരണ സമ്മേളനവും കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ നൂറാം വാർഷികാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒളിവിലും തെളിവിലും പ്രവർത്തിച്ച എം.എൻ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിലും പാർട്ടിയുടെ ജനപിന്തുണ വർദ്ധിപ്പിക്കുന്നതിലും നിസ്തുലമായ പങ്കുവഹിച്ചു. 1957ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലെത്തിച്ച് ചരിത്രം സൃഷ്ടിച്ച നേതാവുകൂടിയായിരുന്നു അദ്ദേഹം. ഐക്യകേരളം ദർശിച്ച ജനപങ്കാളിത്തത്തോടെയുള്ള ആദ്യ വികസനപദ്ധതി ലക്ഷം വീട് നിർമ്മാണത്തിലൂടെ യാഥാർത്ഥ്യമാക്കിയത് എം.എന്നാണ്. ഉത്തരേന്ത്യയിൽ ദളിതർ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോൾ പാർലമെന്റ് അംഗമായിരുന്ന എം.എൻ നടത്തിയ പ്രക്ഷോഭം രാജ്യത്തെയാകെ ആവേശഭരിതമാക്കി. വർഗീയ ഫാസിസ്റ്റുകളുടെ ഭരണത്തിൽ ആൾക്കൂട്ട കൊലകളും ദളിത് കൊലകളും അരങ്ങേറുമ്പോൾ എം.എൻ പകർന്ന സന്ദേശം പ്രസക്തമാണെന്നും കാനം പറഞ്ഞു.
സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ് ബാബു, സത്യൻ മൊകേരി, എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കൗൺസിൽ അംഗം വി.പി. ഉണ്ണിക്കൃഷ്ണൻ സ്വാഗതവും മണ്ഡലം സെക്രട്ടറി വട്ടിയൂർക്കാവ് ശ്രീകുമാർ നന്ദിയും പറഞ്ഞു. അഡ്വ. വി.ബി. ബിനു, വാഴൂർ സോമൻ, അഡ്വ. ജെ. വേണുഗോപാലൻ നായർ, സോളമൻ വെട്ടുകാട്, അഡ്വ. ഇന്ദിര രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. അനുസ്മരണ യോഗത്തിന് മുന്നോടിയായി എം.എൻ പ്രതിമയിൽ കാനം രാജേന്ദ്രനും കെ. പ്രകാശ് ബാബുവും പുഷ്പചക്രം അർപ്പിച്ചു.