അദ്ധ്യാപകൻ, എഴുത്തുകാരൻ, വാഗ്മി, പത്രപ്രവർത്തകൻ എന്നീ നിലകളിൽ ബഹുമുഖ പ്രതിഭയായിരുന്നു എന്റെ പിതാവായ പ്രൊഫ. വി.ജഗന്നാഥപ്പണിക്കർ. ഉത്തമനായ പുത്രൻ, സ്നേഹ സമ്പന്നനായ ഭർത്താവ്, വാത്സല്യത്തിന്റെ പ്രതീകമായ അച്ഛനും മുത്തച്ഛനും. അതിരുകളില്ലാതെ സ്നേഹിക്കുന്ന മാതുലൻ.... അടുത്തിടപെടാൻ അവസരം ലഭിച്ചവർക്കെല്ലാം ആ സ്നേഹ സൗഹൃദം ഹൃദ്യമായ അനുഭവം തന്നെയായിരുന്നു. ആ ഓർമ്മകൾ എന്റെ ജീവിതത്തിന് പ്രശാന്തിയും സമാധാനവും പ്രദാനം ചെയ്യുക മാത്രമല്ല ഉണർവും പകരുന്നുണ്ട്.
'നാടിന്റെ ഭാഗധേയം ക്ളാസ് മുറികളിലാണ് നിർണയിക്കപ്പെടുന്നത് " എന്ന് പറയാറുണ്ട്. പുതിയ തലമുറയെ കരുപ്പിടിപ്പിക്കുക എന്ന കർത്തവ്യം ഒരു വിശുദ്ധ ദൗത്യമായി ഏറ്റെടുത്ത ഗുരുനാഥൻമാരുടെ നിരയിലാണ് അച്ഛന്റെ സ്ഥാനം. വലിയ ഒരു ശിഷ്യസമ്പത്തിനാൽ അനുഗൃഹീതനായിരുന്നു. വിദ്യാർത്ഥികളുമായി സവിശേഷമായ ബന്ധമാണ് പുലർത്തിയിരുന്നത്. ആ തെളിച്ചം ജീവിതത്തിലും മനസിലും കൊണ്ട് നടന്നു. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ ഔന്നത്യം കൈവരിച്ചു. ശിഷ്യന്മാർ പാദം തൊട്ട് വന്ദിക്കുമ്പോൾ പല തരത്തിലുള്ള സംഭാഷണങ്ങളിലൂടെ അവരുമായി സന്തോഷം പങ്കുവയ്ക്കുന്നത് കാണാനുള്ള അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ലോകത്തിലുള്ള എല്ലാ ബന്ധങ്ങളിലും ഉപരി ശ്രേഷ്ഠമാണ് ശിഷ്യബന്ധം.
ക്ളാസ് മുറിയിൽ പാമ്പുകടിയേറ്റ കുട്ടിയുടെ മരണം കൂടുതൽ വേദനിപ്പിക്കുന്ന സാഹചര്യത്തിൽ അദ്ധ്യാപകരുടെ അനാസ്ഥ ചർച്ചാ വിഷയമാകുമ്പോൾ ആ ബന്ധത്തിന്റെ മഹനീയത കൂടുതൽ വ്യക്തമാക്കുന്നതാണ് അച്ഛനെന്ന അദ്ധ്യാപകനെക്കുറിച്ചുളള ഓർമ്മകൾ.
ധനതത്വശാസ്ത്രത്തിലും രാഷ്ട്ര മീമാംസയിലും മാസ്റ്റർ ബിരുദമുണ്ടായിരുന്നെങ്കിലും മലയാളം ഇഷ്ട വിഷയമായിരുന്നു. ഭാരതീയ ധൈഷണിക ഗ്രന്ഥങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന വേദങ്ങളിലും ഉപനിഷത്തുകളിലും ആഴത്തിലുള്ള അറിവ് നേടിയിരുന്നു.
ശ്രീനാരായണ ഗുരുദേവ ഭക്തനായിരുന്ന അച്ഛൻ ഗാന്ധിയൻ ആശയങ്ങളോടും കമ്മ്യൂണിസ്റ്റ് ആശയങ്ങളോടും ആഭിമുഖ്യം പുലർത്തുമ്പോഴും വാജ്പേയി, അദ്വാനിജി മുതലായവരോടും ഉറ്റസൗഹൃദം സൂക്ഷിച്ചിരുന്നു.
ഗുരുദർശനത്തിന്റെ അത്യഗാധമായ അർത്ഥതലം ഉൾക്കൊണ്ടുകൊണ്ട് പൊതുസമൂഹത്തെ ഭിന്നിപ്പിക്കുന്ന എല്ലാ വിഭാഗീയതകൾക്കുമെതിരെ നിരന്തരം ശബ്ദിച്ചു. ചൂഷണത്തിന്റെയും ആധിപത്യത്തിന്റെയും മുഖങ്ങൾക്ക് നേരെ എഴുത്തിലൂടെയും പ്രഭാഷണത്തിലൂടെയും വിട്ടുവീഴ്ചയില്ലാതെ പൊരുതുക തന്നെയായിരുന്നു അച്ഛൻ. ജീവിതത്തിന്റെ സായാഹ്നവേളയിലും വാക്കുകൾക്ക് യുവത്വത്തിന്റെ പ്രസരിപ്പുണ്ടായിരുന്നു. ആ കാര്യപ്രാപ്തിയും കർമ്മ നൈപുണ്യവും തലമുറകൾക്ക് പ്രചോദനമാണ്.
അച്ഛൻ വിടപറഞ്ഞിട്ട് 18 വർഷങ്ങൾ പിന്നിടുന്നുവെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.ആ സ്നേഹത്തിന്റെ തണലിൽക്കഴിഞ്ഞ കാലത്തിന്റെ ഓർമ്മകൾ ഇളംകാറ്റായി ഇപ്പോഴും വീശുന്നുണ്ട്.
(പ്രൊഫ. വി. ജഗന്നാഥപ്പണിക്കരുടെ മകളാണ് ലേഖിക . ഫോൺ - 9847063333)