വർക്കല: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി ഞെക്കാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ഡോ.ജയരാജു മാധവനെ അദ്ദേഹത്തിന്റെ വസതിയിൽ എത്തി ആദരിച്ചു. വൈദ്യുത രംഗത്തെ സയന്റിസ്റ്റും,അനെർട്ട് മുൻ ഡയറക്ടറും, കൊല്ലം ടി കെ എം എൻജി. കോളേജ് പ്രൊഫസറുമായിരുന്ന അദ്ദേഹം ഇപ്പോൾ മൂന്നാർ ഗവ. എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പലാണ്. ഊർജ സംരക്ഷണം, പാരമ്പര്യേതര ഊർജ സ്രോതസുകൾ എന്നീ മേഖലകളിൽ നിരവധി പഠനങ്ങൾ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന് 2006 ലെ ശ്രീചിത്രാ അവാർഡ്, 2012 ലെ രാജീവ് ഗാന്ധി ശിരോമണി അവാർഡ് എന്നിവ ഉൾപ്പെടെ ഒട്ടനവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുട്ടികളുമായി നടത്തിയ ചർച്ചയിൽ ജീവിതത്തിൽ നാം മുറുകെ പിടിക്കേണ്ട മൂല്യങ്ങളെക്കുറിച്ച് അദ്ദേഹം പ്രതിപാദിച്ചു. പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം, പ്ലാസ്റ്റിക് മാലിന്യത്തിന്റെ വിപത്ത് എന്നിവയെക്കുറിച്ച് കുട്ടികളും അദ്ധ്യാപകരുമായി സംവദിച്ചു. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥി സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും വരും തലമുറയ്ക്ക് വാസയോഗ്യമായ ഒരു നല്ല ഭൂമി നൽകാൻ നമുക്കു കഴിയണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു.