-election-

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എൻ.എസ്.എസ് ജാതി പറഞ്ഞ് വോട്ടുതേടിയെന്ന പരാതിയിൽ സി.പി.എം പ്രാദേശിക നേതാവ് കെ.സി. വിക്രമൻ ഉൾപ്പെടെ പരാതിക്കാരായ മൂന്ന് കക്ഷികളുടെയും സഹകരണമില്ലെന്ന് പൊലീസ് മേധാവിയുടെ റിപ്പോർട്ട്. മൊഴി നൽകാൻ പോലും കൂട്ടാക്കാത്ത സാഹചര്യത്തിൽ ഇവർക്ക് പരാതിയുമായി മുന്നോട്ടുപോകാൻ താല്പര്യമില്ലെന്നാണ് മനസിലാകുന്നതെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കാനാണ് കമ്മിഷന്റെ നീക്കം.

യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി എൻ.എസ്.എസ് പരസ്യമായി വോട്ട് തേടിയെന്നും വീടുകയറി സ്ലിപ്പുകൾ വിതരണം ചെയ്തെന്നും ആരോപിച്ച് സി.പി.എം നേതാവ് കെ.സി. വിക്രമൻ, സമസ്ത കേരള നായർ സമാജം നേതാവ് പെരുമട്ടം രാധാകൃഷ്ണൻ, കേരള നായർ സമാജ സംരക്ഷണ സമിതി നേതാവ് വിനോദ് എന്നിവരാണ് പരാതി നൽകിയത്. പരാതിയിലെ വസ്തുതകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഡി.ജി.പിക്കും ജില്ലാ കളക്ടർക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ നിർദേശം നൽകിയിരുന്നു. ഇതിന്മേലാണ് ഡി.ജി.പിയുടെ റിപ്പോർട്ട്. അതേസമയം, ഇക്കാര്യത്തിൽ ജില്ലാ കളക്ടർ ഇതുവരെ കമ്മിഷന് റിപ്പോർട്ട് നൽകിയിട്ടില്ല. അതു കൂടി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.