വെള്ളറട: അമ്പൂരി ടൗണിലെ കുളം ഇപ്പോൾ കൊതുകുവളർത്തൽ കേന്ദ്രത്തിന് തുല്യമാണ്. മാലിന്യങ്ങൾ കുന്നുകൂടി ദുർഗന്ധം വമിക്കുന്ന നിലയിലാണ് കുളം. കുളം നവീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഒരേക്കറോളം വരുന്ന കുളത്തിലേക്കുള്ള കൈയേറ്റവും മാലിന്യ നിക്ഷേപവും ശക്തമായതോടെ ഇപ്പോൾ കുളത്തിന്റ അവസ്ഥ പരിതാപകരമായി. പ്ലാസ്റ്റിക് മാലിന്യങ്ങളും പായലും നിറഞ്ഞ് വെള്ളത്തിന് മുകളിൽ കെട്ടിക്കിടക്കുകയാണ്. നിരവധി തവണ കുളം നവീകരണ പദ്ധതികൾ നടപ്പിലാക്കിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. ടൗണിൽ മുഴുവൻ കൊതുകുകളുടെ ശല്യവും രൂക്ഷമാണ്. കുളത്തിലെ വെള്ളം ഒഴുകിപോകാനുള്ള സൗകര്യവുമില്ല. വീടുകളിൽ നിന്നുള്ള മലിനജലങ്ങൾ കുളത്തിനുള്ളിലാണ് ഒഴുക്കിവിടുന്നതെന്നും നേരത്തേതന്നെ കണ്ടെത്തിയിരുന്നു. ഈ കുളത്തിനു സമീപമാണ് അമ്പൂരി ചന്ത പ്രവർത്തിക്കുന്നത്. നിരവധി തവണ ഇതിനിടയിൽ കുളം നവീകരിക്കാൻ ഗ്രാമപഞ്ചായത്ത് പദ്ധതി തയാറാക്കിയെങ്കിലും അതും നടന്നില്ല. ഇപ്പോൾ കുളത്തിന്റെ ശോചനായാവസ്ഥയ്ക്ക് അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ കുടപ്പനമൂട് ഷാജഹാൻ നിരാഹാര സമരം തുടങ്ങിയിട്ട് രണ്ടുദിവസം പിന്നിട്ടു. കുളത്തിന്റെ കയ്യേറ്റം പൂർണമായും കണ്ടെത്തി ഒഴിപ്പിച്ച് കുളം നവീകരിക്കാൻ നടപടി സ്വീകരിച്ചാൽ മാത്രമേ നിരാഹാരത്തിൽ നിന്നും പിൻമാറുകയുള്ളുവെന്ന നിലപാടിലാണ് ബ്ളോക്ക് പഞ്ചായത്ത് അംഗം.