
ശിവഗിരി: ശ്രീനാരായണ ഗുരുദേവൻ ഉപരിപഠനം നടത്തിയ കാർത്തികപ്പളളിയിലെ ചരിത്രപ്രസിദ്ധമായ ചേവണ്ണൂർ കളരി ശിവഗിരിമഠം ഏറ്റെടുക്കുന്നു.1876ൽ 21-ാമത്തെ വയസ്സിലാണ് മാതുലനായ കൃഷ്ണൻ വൈദ്യരോടൊത്ത് ചെമ്പഴന്തിയിൽ നിന്ന് ഗുരുദേവൻ ചേവണ്ണൂർ കളരിയിലെത്തിയത്. സംസ്കൃതത്തിൽ മഹാപണ്ഡിതനായിരുന്ന കുമ്മംപളളി രാമൻപിളള ആശാനായിരുന്നു ഗുരു. കളരിയിലെ വിദ്യാഭ്യാസ കാലത്ത് വാരണാപ്പളളി കുടുംബത്തിലായിരുന്നു ഗുരുദേവൻ താമസിച്ചിരുന്നത്. ഗുരുനാഥനായ രാമൻപിളള ആശാന്റെ പ്രത്യേക വാത്സല്യത്തിന് പാത്രമായിരുന്നു ഗുരുദേവൻ. രാമൻപിളള ആശാൻ വാർദ്ധക്യസഹജമായ രോഗങ്ങളുമായി തിരുവനന്തപുരത്ത് കഴിയുമ്പോൾ ഗുരുദേവൻ അദ്ദേഹത്തെ സന്ദർശിക്കുകയും ഗുരുനാഥന്റെ പരിചരണത്തിനായി പ്രത്യേക ഏർപാടുകൾ നടത്തുകയും ചെയ്തു. ഗുരുശിഷ്യ പാരസ്പര്യത്തിന്റെ നിറവും നിനവും ചേർന്നതായിരുന്നു ചേവണ്ണൂർ കളരിയിലെ ഗുരുദേവന്റെ പഠനകാലം.
പുരാതനമായ ഈ കളരിയും കിണറും ഉൾപ്പെടുന്ന ഒരേക്കർ 75 സെന്റ് വസ്തുവാണ് ഇപ്പോഴത്തെ അവകാശിയായ ചേവണ്ണൂർ വീട്ടിൽ ചെല്ലമ്മഅമ്മയുടെ മകൾ ഇന്ദിരാദേവിയിൽ നിന്ന് ശിവഗിരിമഠം വാങ്ങുന്നത്. അതിനുളള കരാർ ഇന്നലെ ഒപ്പിട്ടു. ഗുരുദേവൻ ഉപരിവിദ്യാഭ്യാസത്തിനായി ചെലവിട്ട ഈ സ്ഥലം ശിവഗിരിമഠത്തിന് സ്വന്തമാകണമെന്ന ഗുരുഭക്തരുടെ അഭിലാഷമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ഇവിടെ ദാർശനിക ഗവേഷണത്തിനും പഠനത്തിനുമുതകുന്ന വലിയ പദ്ധതികൾ നടപ്പിലാക്കുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു.