suicide

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുണ്ടായിട്ടും സ്ഥിരപ്പെടുത്തുന്നില്ലെന്ന് ആരോപിച്ച് പട്ടം വൈദ്യുതി ഭവനിലെ മരത്തിൽ കയറി രണ്ട് കെ.എസ്.ഇ.ബി കരാർ തൊഴിലാളികൾ ആത്മഹത്യാഭീഷണി മുഴക്കി. ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു സംഭവം. കുണ്ടറ സ്വദേശി അനിൽകുമാർ (50), അഞ്ചാലുംമൂട് സ്വദേശി രാജേന്ദ്രൻ (46) എന്നിവരാണ് കഴുത്തിൽ കുരുക്കിട്ട ശേഷം വൈദ്യുതി ഭവനിലെ മരത്തിൽ ഇരിപ്പുറപ്പിച്ചത്. ചെങ്കൽച്ചൂള ഫയർഫോഴ്സിലെ സ്റ്റേഷൻ ഓഫീസർ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയെങ്കിലും ജീവനക്കാർ ഇറങ്ങാൻ തയ്യാറായില്ല. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ജീവനക്കാർ താഴെ ഇറങ്ങാൻ തയ്യാറായത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ പ്രദീപ് കുമാർ, ഷഹീർ ദീപം, രാജേന്ദ്രൻ നായർ, ഷമീർ എന്നിവരുടെ നേതൃത്വത്തിൽ തൊഴിലാളികളെ താഴെയിറക്കി.