തിരുവനന്തപുരം: കേരളത്തിന്റെ രണ്ടാമത്തെ വലിയ ശുദ്ധജലത്തടാകമായ വെള്ളായണിക്കായൽ വീണ്ടെടുക്കുന്നതിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായി നാവികസേനയും പങ്കുചേരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും നാവികസേന ക്യാപ്ടൻ സനോജും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ഒരു വർഷക്കാലം സ്വസ്തി ഫൗണ്ടേഷനുമായി ചേർന്ന് നടത്തിയ 'റിവൈവ് വെള്ളായണി' ഒന്നാം ഘട്ട പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായും മന്ത്രി പറഞ്ഞു.
കായലിന്റെ മദ്ധ്യഭാഗത്തുള്ള പായലും കളകളും നീക്കം ചെയ്ത് ആഴം വർദ്ധിപ്പിക്കുകയാണ് രണ്ടാം ഘട്ടത്തിന്റെ ലക്ഷ്യം. നാവിക സേനയുടെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ഇതിനായി ഉപയോഗിക്കും. നാവികസേന ദിനമായ ഡിസംബർ 4ന് ദൗത്യത്തിന് തുടക്കമാകും. സേനയുടെ കയാക്കിംഗ് പ്രകടനം, ജീവൻ രക്ഷാപ്രകടനം തുടങ്ങിയ അഭ്യാസഇനങ്ങളും കാക്കാമൂല കുളങ്ങരയിൽ പൊതുസമ്മേളനവും അന്ന് സംഘടിപ്പിച്ചിട്ടുണ്ട്. ഡിസംബർ 2ന് കായലോരത്തെ സൗന്ദര്യവത്കരണത്തിന് തുടക്കമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് എം. വിൻസെന്റ് എം.എൽ.എ അറിയിച്ചു. ഇതിനായുള്ള തുക എം.എൽ.എ ഫണ്ടിൽ വകയിരുത്തും. വവ്വാമൂല ബണ്ടിൽ തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ശുചീകരണം നടത്തും