തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ ചൊല്ലി സംഘടനയുടെ കേന്ദ്ര, കേരള നേതൃത്വങ്ങൾ തുറന്ന പോരിലേക്ക്. തിരഞ്ഞെടുപ്പ് നടത്തിയേ തീരൂവെന്ന് കേന്ദ്ര നേതൃത്വവും സമയമായില്ലെന്ന് സംസ്ഥാന നേതൃത്വവും വാശിയിൽ നിൽക്കവെ, നിലവിലെ സംസ്ഥാന കമ്മിറ്റി അഖിലേന്ത്യാ നേതൃത്വം പിരിച്ചുവിട്ടു. ഫലത്തിൽ സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ് ഘടകമില്ലാതായി. തിരഞ്ഞെടുപ്പിന് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചെങ്കിലും വിയോജിച്ചു നിൽക്കുന്നതുകൊണ്ട് സംസ്ഥാനത്തു നിന്ന് ആരും പത്രിക നൽകിയില്ല.
തിരഞ്ഞെടുപ്പു പ്രക്രിയയിൽ നിന്ന് കേന്ദ്ര നേതൃത്വത്തെ പിന്തിരിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പിമാർ ഇന്ന് രാഹുൽഗാന്ധിയെ കാണുന്നുണ്ട്. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വവും രാഹുലുമായി ചർച്ച നടത്തും. രാഹുൽ അന്തിമ തീരുമാനമെടുക്കട്ടെയെന്ന നിലപാടിലാണ് കേരള നേതാക്കൾ.
കേരളം തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് നീങ്ങാനിരിക്കെ, യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് ഇപ്പോൾ നടത്തുന്നത് ഗ്രൂപ്പ് പോര് ശക്തമാക്കുമെന്നും അത് ദോഷം ചെയ്യുമെന്നുമുള്ള വികാരമാണ് സംസ്ഥാന കോൺഗ്രസ് നേതാക്കൾക്ക്. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിക്കും ഇതേ നിലപാടു തന്നെ. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും വിളിച്ചുചേർത്ത ഡി.സി.സി പ്രസിഡന്റുമാരുടെ യോഗത്തിലും ഇതു തന്നെയായിരുന്നു വിലയിരുത്തൽ.
തിരഞ്ഞെടുപ്പിനു മുന്നോടിയായി എ, ഐ ഗ്രൂപ്പുകൾ യോഗങ്ങൾ സജീവമാക്കിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്ന കാര്യത്തിൽ ഗ്രൂപ്പുഭേദമില്ലാതെ നേതാക്കൾ ഇപ്പോൾ ഒറ്റക്കെട്ടാണ്. തീരുമാനം ഹൈക്കമാൻഡിനെയും അറിയിച്ചെങ്കിലും തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടു പോകാനുള്ള സംഘടനയുടെ കേന്ദ്രനേതൃത്വത്തിന്റെ നീക്കത്തിൽ ഹൈക്കമാൻഡ് ഇതുവരെ ഇടപെട്ടിരുന്നില്ല.
സംഘടനാ ഭരണഘടനയ്ക്കു വിരുദ്ധമായാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്നു കാട്ടി പ്രവർത്തകൻ നൽകിയ ഹർജിയിൽ ആലുവ മുൻസിഫ് കോടതി തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരായ ഹർജിയിൽ ഹൈക്കോടതിയിൽ നിന്ന് അനുമതി കിട്ടിയിട്ടുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന അഖിലേന്ത്യാ ജനറൽ സെക്രട്ടറി രവീന്ദ്രദാസിന്റെ അവകാശവാദം. ഭാരവാഹികളാകാൻ താല്പര്യപ്പെടുന്നവർക്കായി അഭിമുഖം നടത്തിയിരുന്നെങ്കിലും, പിന്നീട് അതിൽ പങ്കെടുക്കാത്തവർക്കും നോമിനേഷൻ നൽകാൻ അനുവദിച്ച് വ്യവസ്ഥയിൽ ഇളവ് വരുത്താൻ പോലും അഖിലേന്ത്യാ നേതൃത്വം തയ്യാറായി. എന്നാൽ, കേരളത്തിലെ പൊതു രാഷ്ട്രീയസ്ഥിതിയോ പൊതുവികാരമോ കേന്ദ്രനേതൃത്വം കണക്കിലെടുക്കുന്നില്ലെന്നാണ് കേരള നേതാക്കളുടെ പരാതി.
അതേസമയം, സംഘടനാ തിരഞ്ഞെടുപ്പ് നടന്നാലും ഇല്ലെങ്കിലും കോൺഗ്രസ് പ്രതിപക്ഷത്തായിരുന്നിട്ട് പോലും സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ് കുറേക്കാലമായി നിർജ്ജീവാവസ്ഥയിലാണെന്ന ആക്ഷേപം സംഘടനയ്ക്കകത്തു തന്നെ ശക്തമാണ്.