വർക്കല: വിസ തട്ടിപ്പുകേസിലെ പ്രതി തമിഴ്നാട് ഈറോഡ് സ്വദേശി പ്രേംകുമാറിനെ (32) വർക്കല പൊലീസ് പിടികൂടി. വർക്കല സ്വദേശി വിവേക്, കടയ്‌ക്കാവൂർ സ്വദേശി വിഷ്‌ണു, മൂങ്ങോട് സ്വദേശി അബിൻ എന്നിവരിൽ നിന്നു 13.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാൾ പിടിയിലായത്. പോർച്ചുഗലിലേക്ക് കൊണ്ടുപോകാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇയാൾ പണം തട്ടിയത്. ആദ്യം അർമേനിയയിലെത്തിച്ച ഇവരിൽ നിന്നു പോർച്ചുഗലിലേക്ക് പോകാൻ പ്രേംകുമാർ അഞ്ച് ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടു. മൂന്ന് പേരും പണം പ്രേംകുമാറിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്‌തു. തുടർന്ന് ഇവരെ മലേഷ്യയിലെത്തിച്ച് ബാക്കി പണവും കൈക്കലാക്കിയ ശേഷം പ്രേംകുമാർ മുങ്ങുകയായിരുന്നു. തങ്ങൾ കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയ ഇവർ നാട്ടിലെത്തി ഡി.ജി.പിക്ക് പരാതി നൽകുകയായിരുന്നു. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വർക്കല പൊലീസ് എസ്.എച്ച്.ഒ ഗോപകുമാർ, എസ്.ഐ ശ്യാം, ഗ്രേഡ് എസ്.ഐ സുനിൽ, എ.എസ്.ഐ നവാസ്, എസ്.സി.പി.ഒ മുരളീധരൻപിള്ള എന്നിവർ ചേർന്നാണ് പ്രതിയെ തമിഴ്നാട്ടിൽ നിന്ന് അറസ്റ്റുചെയ്‌തത്. പ്രതിയെ റിമാൻഡ് ചെയ്‌തു.