തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ ചെലവിലുണ്ടായ അധികബാദ്ധ്യത നികത്താൻ യൂണിറ്റിന് 13 പൈസ വീതം വൈദ്യുതിക്ക് സർചാർജ് ഈടാക്കണമെന്ന് റഗുലേറ്ററി കമ്മിഷന്റെ തെളിവെടുപ്പിൽ കെ.എസ്.ഇ.ബി. ജൂൺ 30 വരെയുള്ള കണക്കുകളിലാണ് അധികബാദ്ധ്യത. എന്നാൽ, സർചാർജിന്റെ പേരിലുള്ള നിരക്കുവർദ്ധനയെ ഭൂരിഭാഗം പേരും എതിർത്തു.
യൂണിറ്റിന് 13 പൈസ സർചാർജ് വളരെ കൂടുതലാണെന്നും വൈദ്യുതി വാങ്ങലിൽ 34 കോടിയുടെ ലാഭമാണ് യഥാർത്ഥത്തിൽ ബോർഡിനുണ്ടായതെന്നും ഹൈടെൻഷൻ- എക്സ്ട്രാ ഹൈടെൻഷൻ വ്യവസായ ഉപഭോക്താക്കളുടെ അസോസിയേഷൻ പറഞ്ഞു. അതിനാൽ യൂണിറ്റിന് ആറര പൈസ വീതമേ സർചാർജ് ഈടാക്കാവൂ എന്നും അവർ പറഞ്ഞു.
അതേസമയം എൻ.ടി.പി.സി, വിൻഡാൽ അടക്കമുള്ളവയ്ക്ക് ഫിക്സഡ് ചാർജിനത്തിൽ അധികനിരക്ക് നൽകേണ്ടി വന്നെന്നും വൈദ്യുതി വാങ്ങൽ ചെലവിൽ 20.04 കോടിയുടെ അധികബാദ്ധ്യതയുണ്ടെന്നുമാണ് കെ.എസ്.ഇ.ബിയുടെ വാദം. എല്ലാ ബാദ്ധ്യതയും നികത്താൻ 72.75 കോടി രൂപ സർചാർജിനത്തിൽ പിരിച്ചെടുക്കാനനുവദിക്കണമെന്നതാണ് കെ.എസ്.ഇ.ബി നിലപാട്. കമ്മിഷൻ അനുവദിച്ചതിനെക്കാൾ 247.26 ദശലക്ഷം യൂണിറ്റ് അധികം ഉപയോഗിക്കേണ്ടിവന്നെന്ന് ബോർഡിനായി ഹാജരായ എക്സിക്യൂട്ടിവ് എൻജിനിയർ വിശദീകരിച്ചു.
ജൂൺ 30 വരെയുള്ള ഉപയോഗത്തിനുള്ള സർചാർജിന് അപേക്ഷ നൽകേണ്ടത് തൊട്ടടുത്ത മാസത്തിൽ തന്നെയാണെന്നിരിക്കെ, മാസങ്ങൾ വൈകിയാണ് ഇക്കുറി അപേക്ഷ നൽകിയതെന്നതിനാൽ അത് അനുവദിക്കരുതെന്ന് പൊതുപ്രവർത്തകനായ ഡിജോ കാപ്പൻ ആവശ്യപ്പെട്ടു. കമ്മിഷൻ ആവശ്യപ്പെട്ട പല വിവരങ്ങളും നൽകാൻ ബോർഡിന് സാധിച്ചില്ല. ഇവ പിന്നീട് ലഭ്യമാക്കണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. ഇവ കൂടി ലഭ്യമാക്കിയ ശേഷമായിരിക്കും വിധി പറയുക.