കാസർകോട്: തലക്കെട്ടു വായിച്ച് തപ്പണ്ട. കലോത്സവം ഇന്ന് തുടങ്ങുമെന്ന് കാസറുകോട്ടുകാർ പറഞ്ഞാൽ ഇമ്മാതിരിയിരിക്കും. സംഗതി തുളുവാണ്. നിലേശ്വരത്ത് നേരം പരാ പരാ പുലർന്നു.
അപ്പോൾ കാസർകോട് ചങ്കിട്ടുപാതയിൽ 'പുല്യാ ആവോന്തു ബെക്‌ത്ണ്ടായി'. മഞ്ചേശ്വരത്ത് ഉപ്പളയിൽ ആ നേരം 'ബെളിഗ്യാ ആവുത്തായിതേ' ആകും! സംഗതി ഒന്നുതന്നെ. ആദ്യത്തേത് ശുദ്ധമലയാളവും രണ്ടാമത്തേത് തുളുവും അടുത്തത് കന്നടയും.
ഭാഷ തന്നെ ഏഴെണ്ണമുണ്ട് ഇക്കുറി കലോത്സവം കൊടിയേറുന്ന മണ്ണിൽ. അതിന്റെ മിശ്രിതവും വകഭേദങ്ങളും വേറെ. ഇരുപത്തിയെട്ട് വർഷത്തിനു ശേഷം കലോത്സവം നാട്ടിലെത്തിയതിന്റെ ത്രില്ലിലാണ് ഇവിടത്തെ കുട്ടികളും മുതിർന്നവരും.
കുട്ടികളുടെ സന്തോഷം കാണുമ്പോൾ മഞ്ചേശ്വരംകാർ പറയുന്നു: 'മക്കളെല്ലാരു കലോത്സവ ഓഗുവ കുശിലിലിദാരെ!'
ചങ്കിട്ടുപാതക്കാരൻ ഉമേഷ് സാഖിയാൻ ചോദിക്കുന്നു: 'ഈ തർക്കിത കലോത്സവ ബാരി ഗൗജിയാവോ? ഇത്തവണത്തെ കലോത്സവം കേമമാകുമോ എന്ന്! തുളു ഭാഷയ്ക്കായി ശബ്ദമുയർത്തുന്ന ആൾ കൂടിയാണ് ഉമേഷ്. മുമ്പു നടന്ന കലോത്സവത്തെ കുറിച്ച് നല്ലതു മാത്രമെ ഉമേഷിന് പറയാനുള്ളൂ. 'ഇരുപത്തിയെണ്ണു വർഷക് ദുബു മൂളു നടക്കിന കലോത്സവ ബാരി മല്ല സംഗതിയാവിത്!' ഒരു ആഗ്രഹം കൂടിയുണ്ട്: ജോകേന കലോത്സവയേഠനേ ആണ്ടാ മോശ വഞ്ചന ഗലാട്ടേ ഇജ്ജാണ്ടെ എഠേയിച്ചിട്ട്' (കുട്ടികളുടെ കലോത്സവം നല്ലതുതന്നെ അഴിമതിയും ബഹളവും ഇല്ലാതിരുന്നാൽ മതിയായിരുന്നു).
കുളക്കരയിൽ 'കോന്തല അയിച്ചിറ്റ് കൊറച്ച് തുമ്മു'കയാണ് നാരായണേട്ടൻ. തുമ്മലെന്നാൽ മുറുക്കൽ. തൊട്ടടുത്തെ എസ്.എൻ സ്കൂളിലെ കുട്ടികൾ കുളക്കടവിലുണ്ട്. മുറുക്കിത്തുപ്പിയിട്ട് നാരായണേട്ടൻ കുട്ടികളോട് കഴിഞ്ഞ തവണത്തെ കലോത്സവ വിശേഷം പറയാൻ തുടങ്ങി. അതിനിടെ നാട്ടുകാരനായ പ്രമോദ് കരുവളം പറഞ്ഞു: നാട്ട്‌ള് അടങ്ങ സ്റ്റേജ്ണ്ട്. അങ്ങ് നീലീശരം ബരെ ഇണ്ടോലും കളി (നാടുമുഴുവൻ വേദിയാണ്. നീലേശ്വരം വരെ ഉണ്ടുപോലും). 'ബേറൊര് ഭയങ്കര അതിശ്യൂണ്ട് അബിടെ'- നാരായണേട്ടൻ പത്രവിശേഷം പങ്കുവച്ചു. ഒര് ക്ലബ്ബ്കാറ് 120 പച്ചോലകൊട്ട മടഞ്ഞ് കൊണ്ടന്നിനി. ചോറ് ബെയ്ച്ച എലീം, കാട്ടുംപൊടീം ഇടാനോലും ഇത്!'
സപ്തഭാഷഭൂമിയല്ല ബഹുഭാഷാ ഭൂമി
പുറത്തുള്ളവർ കാസർകോടിനെ സപ്തഭാഷാ ഭൂമിയെന്നു വിശേഷിപ്പിക്കുമെങ്കിലും പുതിയ തലമുറ ഈ നാടിനെ ബഹുഭാഷാ ഭൂമിയെന്നാണ് വിശേഷിപ്പിക്കുന്നത്. മലയാളം, കന്നട, തുളു, കൊങ്കിണി, ഹിന്ദുസ്ഥാനി, മറാഠി, ബ്യാരി എന്നീ സപ്തഭാഷകൾ കൂടാതെ, തമിഴും അറബിയും ഹിന്ദിയും തെലുങ്കുമൊക്കെ ഇപ്പോൾ വേണ്ടുവോളമുണ്ട്.