stamp

തിരുവനന്തപുരം: ശതാബ്ദി ആഘോഷിക്കുന്ന പൂജപ്പുര എസ്.എം.എസ്.എസ് ഹിന്ദു മഹിളാ മന്ദിരത്തോടുള്ള ആദരസൂചകമായി തപാൽ വകുപ്പ് പ്രത്യേക പോസ്റ്റൽ കവർ പുറത്തിറക്കി. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന കേരള സംസ്ഥാന ഫിലാറ്റെലിക് പ്രദർശനമായ 'കേരാപെക്‌സ് 2019'നോടനുബന്ധിച്ചായിരുന്നു പ്രകാശനം. കേരള സർക്കിൾ പോസ്റ്റൽ അക്കൗണ്ട്‌സ് ഡയറക്ടർ വിജി എം.ആർ സ്റ്റാമ്പോടുകൂടിയ പ്രത്യേക പോസ്റ്റൽ കവറിന്റെ പ്രകാശനം നിർവഹിച്ചു. മഹിളാമന്ദിരം സെക്രട്ടറി എം.ശ്രീകുമാരി പോസ്റ്റൽ കവർ ഏറ്റുവാങ്ങി. ഹിന്ദു മഹിളാ മന്ദിരം സ്ഥാപകയും വിദ്യാഭ്യാസ വിചക്ഷണയുമായ കെ.ചിന്നമ്മയുടെ ചിത്രമാണ് സ്റ്റാമ്പിൽ ആലേഖനം ചെയ്തിരിക്കുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി തിരുവിതാംകൂറിലെയും കേരളത്തിലെയും വിദ്യാഭ്യാസമേഖലയ്ക്ക് സംഭാവന നൽകിയ ചിന്നമ്മയുടെയും മഹിളാ മന്ദിരത്തിന്റെയും ചിത്രങ്ങളാണ് പോസ്റ്റൽ കവറിൽ കോർത്തിണക്കിയിരിക്കുന്നത്. കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ശാരദ സമ്പത്ത് അദ്ധ്യക്ഷയായിരുന്നു. ഗാന്ധിയൻ പി.ഗോപിനാഥൻ നായർ മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് ഡയറക്ടർ ഡോ.പൂർണചന്ദ്ര റാവു, ഫിലാറ്റെലി അസിസ്റ്റന്റ് ഡയറക്ടർ കല്യാൺ ധാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.