malayinkil

മലയിൻകീഴ്: വിധി തളർത്തിയ പൊന്നനുജത്തിയെ സ്വന്തം വിവാഹനിശ്ചയ ചടങ്ങിലേക്കു പോലും എടുത്തുകൊണ്ടെത്തിയ മനുവിന് ഇനി മീനുവിനെ ഇലക്ട്രിക് വീൽ ചെയറിൽ കാണാം. ജന്മനാ അരയ്‌ക്കു താഴെ തളർന്നു കിടക്കയിലായ മീനുവിനെ വർഷങ്ങളായി എടുത്തുകൊണ്ടു നടക്കുന്ന വിളപ്പിൽശാല പുളിയറക്കോണം കുരുവിള വീട്ടിൽ മനുവിന്റെ കഥ കേരളകൗമുദി കഴിഞ്ഞ ഒക്ടോബർ 17 ന് പ്രസിദ്ധീകരിച്ചിരുന്നു. ഇതു വായിച്ച സംസ്ഥാന കരകൗശല കോർപ്പറേഷൻ ചെയർമാൻ കെ.എസ്.സുനിൽകുമാർ പ്രത്യേക താലപര്യമെടുത്താണ് ഒരു ലക്ഷം രൂപയിലേറെ വിലവരുന്ന ഇലക്ട്രിക് വീൽ ചെയറുമായി ഇന്നലെ മനുവിനെയും മീനുവിനെയും തേടി വീട്ടിലെത്തിയത്.

ജന്മനാ ചലനശേഷി നഷ്ടമായ മീനുവിന് ഏറെ ചികിത്സകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഹൃദയവാൽവുകൾക്ക് തകരാറുള്ള മീനുവിന് മുതുകിൽ നിന്ന് നീക്കം ചെയ്യാനാകാത്ത മുഴയും പിറവിയിൽത്തന്നെയുണ്ട്. കരുവിള വീട്ടിൽ ഹരീന്ദ്രൻനായരുടെയും രമാദേവിയുടെയും മക്കളാണ് മനുവും മീനുവും. എട്ടു വർഷം മുമ്പ് അച്ഛൻ മരിച്ചതോടെ കുടുംബഭാരം മനുവിന്റെ ചുമലിലായി. ആട്ടോ ഡ്രൈവർ ആയ മനുവും തിരുവനന്തപുരം നഗരസഭയിലെ പട്ടം വാർഡ് കൗൺസിലർ രമ്യ രമേശുമായുള്ള വിവാഹം ഡിസംബർ 12 നാണ്.

വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ അനുജത്തിയെ തോളിലെടുത്ത മനുവിന് ഇനി വിവാഹചടങ്ങിന് മീനുവിനെ ഇലക്ട്രിക് വീൽ ചെയറിലിരുത്താം.ഭൂരഹിതർക്ക് വീടു നൽകുന്ന ഘട്ടത്തിൽ വിളപ്പിൽ ഗ്രാമപഞ്ചായത്ത് മീനുവിന് വീട് നൽകുമെന്ന പ്രഖ്യാപനവും നടത്തിയാണ് കരകൗശല വികസനകോർപ്പറേഷൻ ചെയർമാൻ സുനിൽകുമാർ ഇന്നലെ മടങ്ങിയത്. ജനപ്രതിനിധികളായ വിജയരാജ്, അജിത്കുമാർ സി.പി.എം.വിളപ്പിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷൺമുഖം എന്നിവരും ഒപ്പമുണ്ടായിരുന്നു.