issac

തിരുവനന്തപുരം: നവ ഉദാരവത്കരണ കാലത്ത് സോഷ്യലിസം സാദ്ധ്യമാണെന്നതിന്റെ തെളിവാണ് സഹകരണമേഖലകളുടെ വിജയമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗ് സഹകരണമേഖലയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രഭാഷണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുതലാളിത്ത വ്യവസ്ഥിതിക്ക് ബദലാണ് സഹകരണമേഖല. ആധുനിക വ്യവസായസ്ഥാപനങ്ങൾ ആരംഭിക്കാൻ വൻതോതിൽ വിഭവങ്ങൾ ആവശ്യമുണ്ട്. എന്നാൽ സർക്കാർ സഹായത്തോടെ സഹകരണസ്ഥാപനങ്ങൾ ഉയർന്നുവരുന്നു. ലാഭത്തിലെത്താൻ ഇതൊന്നും പോരെന്നാണ് കുത്തകകളുടെ വാദം. ഇനി ഇവ ലാഭത്തിലായാൽ തന്നെ സമ്പത്ത് ശേഖരിക്കുന്നില്ലെന്നും അവർ ആക്ഷേപിക്കുന്നു. എന്നാൽ പല സഹകരണസ്ഥാപനങ്ങളും ലാഭത്തിലായി എന്നു മാത്രമല്ല വൈവിദ്ധ്യവത്കരണത്തിലേക്ക് നീങ്ങുകയും സമ്പത്തുണ്ടാക്കുകയും ചെയ്തിരിക്കുന്നു.

സഹകരണ സ്ഥാപനങ്ങൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വൈവിദ്ധ്യമില്ലാത്ത വിപണിയാണ്. കേരളത്തിന് പ്രാദേശികമായ വിപണി ഇന്നില്ല. പകരം ദേശീയ വിപണിയുടെ ഭാഗമായി കേരളം മാറി. അവിടെ കുത്തകസ്ഥാപനങ്ങളുമായാണ് മത്സരം. നമ്മുടെ സഹകരണസ്ഥാപനങ്ങളുടെ ഉത്പാദനം ചെറുകിട അടിസ്ഥാനത്തിലുള്ളതാണ്. ഉത്പാദനത്തെ ഒന്നിപ്പിക്കാനുള്ള വേദിയൊരുക്കുകയാണ് ഇതിനെ മറികടക്കാനുള്ള മാർഗമെന്നും അദ്ദേഹം പറഞ്ഞു.

നവ ഉദാരവത്കരണ നയങ്ങൾ കാരണം സാധാരണ മനുഷ്യർ അരികുവത്കരിക്കപ്പെടുകയാണെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ലോകത്ത് 30 രാജ്യങ്ങളിലായി 400 വ്യവസായ സ്ഥാപനങ്ങൾ സഹകരണ മേഖലയിൽ പൊതുവേദി ഉണ്ടാക്കി പ്രവർത്തിക്കുകയാണെന്ന് 'പ്ലാറ്റ്ഫോറം കോ ഓപ്പറേറ്റീവ്‌സ് ആൻഡ് മോഡൽസ്‌ ഫോർ ഡിസ്ട്രിബ്യൂട്ടറ്റ് ഗവേണൻസ് ഇൻ കേരള' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിയ ന്യൂയോർക്ക് ന്യൂ സ്കൂൾ ഡയറക്ടർ പ്രൊഫ. ട്രിബർ സ്‌കോൾസ് പറഞ്ഞു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, നിയമസഭാ സെക്രട്ടറി എസ്. ഉണ്ണിക്കൃഷ്ണൻ നായർ എന്നിവരും സംസാരിച്ചു.