vishewase

കഴക്കൂട്ടം: ഹൃദയാഘാതത്തെ തുടർന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ യുവാവ് മരിച്ച സംഭവത്തിൽ ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം. ചികിത്സ വൈകിയതാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. കഴക്കൂട്ടം പുല്ലാട്ടുകരി തോപ്പിൽ കിഴക്കതിൽ വീട്ടിൽ വിശ്വാസാണ് (42) ഇന്നലെ വെളുപ്പിന് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10.35നാണ് വിശ്വാസ് ഭാര്യയുമായി കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ഇ.സി.ജിയിൽ വ്യത്യാസമുണ്ടായിട്ടും മതിയായ ചികിത്സ നൽകിയില്ലെന്നാണ് ആരോപണം. അവശ നിലയിലായ വിശ്വാസിനെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ബന്ധുക്കളുമായും ആശുപത്രി അധികൃതരുമായി പൊലീസ് നടത്തിയ ചർച്ചയിൽ ജീവനക്കാരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും വിശ്വാസിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകുമെന്നും ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്. വിശ്വാസ് ചികിത്സ തേടിയെത്തുബോൾ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചതായി ഹോസ്‌പിറ്റൽ മാനേജ്‌മെന്റ് അറിയിച്ചു. ടെക്നോപാർക്കിലെ കമ്പനിയിൽ സൂപ്പർവൈസറാണ് വിശ്വാസ്. ജിഷ ഭാര്യയും ആറ് വയസുള്ള കീർത്തി ഏക മകളുമാണ്.