ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ കേരളത്തിനാകെ മാതൃകയാണെന്ന് മന്ത്റി കടകംപള്ളിസുരേന്ദ്രൻ പറഞ്ഞു. നഗരസഭാ കൗൺസിലിന്റെ 4-ാം വാർഷികാഘോഷ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളുടെ സമർപ്പണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനസർക്കാർ ആവിഷ്‌കരിക്കുന്ന എല്ലാ ജനക്ഷേമപദ്ധതികളും ജനങ്ങളിലേയ്‌ക്കെത്തിക്കുന്നതിന് ആറ്റിങ്ങൽ നഗരസഭ ശ്രദ്ധിക്കുന്നു. അഴിമതി രഹിതവും സുതാര്യവുമായ ഒരു ഭരണസമിതിയാണ് നഗരസഭയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാചെയർമാൻ എം.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. കവളപ്പാറദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ആറ്റിങ്ങൽ ഫയർസ്റ്റേഷനിലെ ഫയർമാൻമാരായ മനു, വിനേഷ്, വിദ്യാരാജ്, നിതിൻ എന്നിവരെയും സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് വോളണ്ടിയാറായി തിരഞ്ഞെടുക്കപ്പെട്ട സൂര്യയെയും ചടങ്ങിൽ ആദരിച്ചു. ഐ.എസ്.ഒ.സർട്ടിഫിക്കറ്റ് പ്രഖ്യാപനം, ലൈഫ് ഭവനപദ്ധതിയുടെ രണ്ടാംഘട്ടമായി നിർമ്മിച്ച 101 വീടുകളുടെ താക്കോൽദാനം എന്നിവയും നടന്നു. ആർ.രാജു, എ.റുഖൈനത്ത്, അവനവഞ്ചേരി രാജു, സി.ജെ.രാജേഷ്‌കുമാർ, ഇമാമുദ്ദീൻ, സി.എസ്.ജയചന്ദ്രൻ, ആർ.എസ്‌രേഖ, സെക്രട്ടറി എസ്.വിശ്വനാഥൻ എന്നിവർ സംസാരിച്ചു.