saksharathamission

തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷന്റെ 9​​ാം സംസ്ഥാന തുടർ വിദ്യാഭ്യാസ കലോത്സവം ജനുവരി 10ന് തിരുവനന്തപുരത്ത് ആരംഭിക്കും. മൂന്ന് ദിവസങ്ങളിലായി യൂണിവേഴ്‌സിറ്റി കോളേജിലെ ആറ് വേദികളിൽ നടക്കുന്ന കലോത്സവത്തിൽ 73 ഇനങ്ങളിലായി 1400 പേർ മത്സരിക്കും. ട്രാൻസ്‌ജെൻഡേഴ്‌സിനും ഇതര സംസ്ഥാന തൊഴിലാളികൾക്കും ഇക്കുറി പ്രത്യേക വിഭാഗമായി മത്സരിക്കാൻ അവസരമൊരുക്കും. നാടോടിനൃത്തം, സമൂഹഗാനം, തിരുവാതിര, സംഘനൃത്തം, നാടൻപാട്ട് തുടങ്ങിയ ഇനങ്ങളിൽ ഇവർക്ക് മത്സരിക്കാം. മൊത്തം എട്ടു വിഭാഗങ്ങളുള്ളതിൽ സാക്ഷരത, നാലാംതരം, ഏഴാംതരം, പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ പഠിതാക്കൾ, പ്രേരക്മാർ എന്നിങ്ങനെയാണ് മറ്റുവിഭാഗങ്ങൾ.

10 വർഷത്തിനു ശേഷമാണ് തുടർ വിദ്യാഭ്യാസ കലോത്സവത്തിന് തിരുവനന്തപുരം ആതിഥേയത്വം വഹിക്കുന്നത്. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി മന്ത്രി കടകംപള്ളി സരേന്ദ്രൻ, നഗരസഭാ മേയർ, ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ എന്നിവർ രക്ഷാധികാരികളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ചെയർമാനുമായി 201 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം എന്നിവരാണ് വൈസ് ചെയർപേഴ്സൺസ്. വിവിധ സബ്കമ്മിറ്റികൾക്കും രൂപം നൽകി. സാക്ഷരതാമിഷൻ ഡയറക്ടർ ഡോ.പി.എസ്.ശ്രീകലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു.