തിരുവനന്തപുരം: വിചാരണയ്ക്ക് എത്തിയ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന്, വാഹനാപകട കേസിലെ പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കിയതിൽ പ്രതിഷേധിച്ച് അഭിഭാഷക സംഘം മജിസ്ട്രേട്ടിന്റെ ചേംബറിൽ കയറി ബഹളമുണ്ടാക്കുകയും കൂവി വിളിക്കുകയും ചെയ്തു. തിരുവനന്തപുരം ജില്ലാ കോടതി സമുച്ചയത്തിലെ ഒന്നാം ക്ളാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് -1 കോടതിയിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്. അഭിഭാഷകരുടെ പ്രതിഷേധം ശക്തമായതോടെ, ജാമ്യ ഹർജി പരിഗണിച്ച ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ. ബാബു പ്രതിക്ക് ജാമ്യം അനുവദിച്ചു.
കെ.എസ്.ആർ.ടി.സി പാപ്പനംകോട് ഡിപ്പോയിലെ ഡ്രെെവർ മണി അശ്രദ്ധമായി ബസ് ബ്രേക്ക് ചെയ്തതിനെ തുടർന്ന് പാച്ചല്ലൂർ സ്വദേശിനി ലതയ്ക്ക് ബസിൽ വീണ് പരിക്കേറ്റിരുന്നു. കേസ് വിചാരണയ്ക്ക് എടുത്തപ്പോൾ ലതയോട് തനിക്ക് അനുകൂലമായി മൊഴി നൽകാൻ മണി ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാതിരുന്ന ലത ഇക്കാര്യം വിചാരണ വേളയിൽ മജിസ്ട്രേട്ടിനോട് പറഞ്ഞു. സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് മജിസ്ട്രേട്ട് ദീപ മോഹൻ ഉടനേ പ്രതിയുടെ ജാമ്യം റദ്ദാക്കി പ്രതിയെ റിമാൻഡ് ചെയ്യുന്നതായി ഉത്തരവിട്ടു.
ഇക്കാര്യം പ്രതിയുടെ അഭിഭാഷകൻ ബാർ അസോസിയേഷൻ ഭാരവാഹികളെ അറിയിച്ചു. ഭാരവാഹികൾ നേരിട്ടെത്തി മജിസ്ട്രേട്ടുമായി സംസാരിച്ചെങ്കിലും പ്രതിക്ക് ജാമ്യം നൽകാൻ മജിസ്ട്രേട്ട് തയ്യാറായില്ല. ഇതോടെയാണ് അഭിഭാഷകർ സംഘടിച്ച് പ്രതിഷേധം തുടങ്ങിയത്. ചേംബറിൽ നിന്ന് ഇറങ്ങിപ്പോയ മജിസ്ട്രേട്ടിനെ അഭിഭാഷകർ കൂവി വിളിച്ചു. രണ്ടര മണിവരെ ബഹളം തുടർന്നു. പ്രതിഷേധവും ബഹളവും ശക്തമായപ്പോഴാണ് വിഷയം ജില്ലാ ജഡ്ജിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പ്രതിയുടെ അഭിഭാഷകൻ ജാമ്യത്തിനായി ജില്ലാ കോടതിയിൽ ജാമ്യ ഹർജി നൽകി. ജാമ്യ ഹർജി പരിഗണിച്ച ജില്ലാ ജഡ്ജി ഉടനേ പ്രതിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. പിന്നീട് മാദ്ധ്യമങ്ങളെ കണ്ട ബാർ അസോസിയേഷൻ ഭാരവാഹികൾ മജിസ്ട്രേട്ടിന്റെ പ്രവൃത്തിക്കെതിരെ രൂക്ഷമായി പ്രതികരിച്ചു.