manu

വെള്ളനാട്: തലചായ്ക്കാനിടമില്ലാതെ റബർ പുരയിടത്തിൽ ടാർപ്പോളിൻ കെട്ടി കഴിഞ്ഞിരുന്ന വെള്ളനാട് ഗവ.എൽ.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി മനുവിനും കുടുംബത്തിനും ഇനി പുതിയ വീട്ടിൽ അന്തിയുറങ്ങാം. രോഗിയായ അമ്മയും അന്ധയായ അമ്മൂമ്മയും വലിയമ്മയുടെ മകളും അടങ്ങുന്നതാണ്‌ മനുവിന്റെ കുടുംബം. തലചായ്ക്കാൻ ‍വീടോ സ്വന്തമായി വസ്തുവോ ഇല്ല. മറ്റൊരാളുടെ റബർ തോട്ടത്തിൽ കൃഷി ആവശ്യത്തിന് നിർമ്മിച്ച ഭിത്തികളുടെ മുകളിൽ ടാർപ്പോളിൻ കെട്ടിയാണ് താമസം. സ്കൂൾ പി.ടി.എ മനുവിന്റെ കുടുംബത്തിന്റെ ദയനീയാവസ്ഥ അറിഞ്ഞതോടെ വീട് നിർമ്മാണവുമായി രംഗത്തെത്തി. വിവരം അറിഞ്ഞതോടെ കനാൻ എന്ന സന്നദ്ധസംഘടനയും വെള്ളനാട് നമസ്തേയും ചികിത്സാ സഹായിയും സഹായ സന്നദ്ധത അറിയിച്ചു. കനാൻ പ്രവർത്തകൻ നെടിയവിള പാറാംകുഴിയിൽ മൂന്ന് സെന്റ് വസ്തു സൗജന്യമായി നൽകി. ജനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ പി.ടി.എ വീട് നിർമാണം തുടങ്ങി. സിമന്റ് ഇഷ്ടികയും തടിയുമെല്ലാം സൗജന്യമായി ലഭിച്ചു. 500 സ്ക്വയർഫീറ്റിൽ വീടിന്റെ ജോലികൾ പൂർത്തിയായി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മനുവും അമ്മ ബിന്ദുവും ചേർന്ന് കെ.എസ്.ശബരീനാഥൻ.എം.എൽ.എയിൽനിന്ന് വീടിന്റെ താക്കോൽ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് വി.എൻ.അനീഷിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി,ജില്ലാ പഞ്ചായത്തംഗം മായാദേവി, നേമംബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്തംഗം ജ്യോതിഷ്‌കുമാർ, വെള്ളനാട് ശ്രീകണ്ഠൻ, എസ്.ഗിരിജ കുമാരി, നെടുമങ്ങാട് എ.ഇ.ഒ എം.രാജ്കുമാർ, ബി.പി.ഒ പി.സനൽ കുമാർ, ഹെഡ്മാസ്റ്റർ വി.നാഗേഷ് കുമാർ എന്നിവർ സംസാരിച്ചു.