കഴക്കൂട്ടം: ദേശീയപാത അടച്ചിടാതെ കഴക്കൂട്ടത്ത് എലിവേറ്റഡ് ഹൈവേ നിർമ്മാണം നടത്തുമെന്ന് മന്ത്റി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇന്നലെ വൈകിട്ട് കഴക്കൂട്ടം പൊലീസ്സ്റ്റേഷനിൽ മന്ത്റിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് മന്ത്റി ഇക്കാര്യം അറിയിച്ചത്. ദേശീയപാത അടച്ചിട്ട് നിർമ്മാണം നടത്തണമെന്ന കരാറുകാരായ ആർ.ഡി.എസ് പ്രോജക്ടിന്റെ ആവശ്യം യോഗത്തിൽ പങ്കെടുത്തവർ എതിർത്തതോടെയാണ് മന്ത്റി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇരുവശത്തു കൂടി സർവീസ് റോഡ് നിർമ്മിച്ചതിന് ശേഷം ഇതിന്റെ പണി ആരംഭിച്ചാൽ മതിയെന്നും രണ്ടാഴ്ചയ്ക്കകത്ത് തന്നെ അതിനുള്ള നടപടികൾ ആരംഭിക്കണമെന്നും മന്ത്റി ആവശ്യപ്പെട്ടു. എന്നാൽ സർവീസ് റോഡിനായി ഭൂമി അളന്ന് തിട്ടപ്പെടുത്തിയെങ്കിലും ഏറ്റെടുത്തഭൂമിയുടെ നഷ്ടപരിഹാര തുക ഇതുവരെയും കൊടുക്കാതെ റോഡ് നിർമ്മിക്കാൻ കഴിയില്ലെന്ന് ഡെപ്യൂട്ടി കളക്ടറായ ലാൻഡ് അക്വസിഷൻ ഓഫീസർ വിജയ പറഞ്ഞു. എന്നാൽ ആദ്യ ഗഡുവായ 49 കോടി രൂപ അനുവദിച്ചുവെന്നും ഉടൻ തന്നെ തുക ഓഫീസർക്ക് കൈമാറുമെന്നും ദേശീയ പാത പ്രോജക്ട് ഡയറക്ടർ പ്രദീപ് പറഞ്ഞു. എന്നാൽ ഭൂമി ഏറ്റെടുക്കുന്നതിന്റെ നഷ്ടപരിഹാര തുക ഏകദേശം 96 കോടി രൂപ വരുമെന്നും ബാക്കി തുക എത്രയും വേഗം കൊടുക്കാനുള്ള നടപടി ചെയ്യുമെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു. യോഗത്തിൽ ലാൻഡ് അക്വസിഷൻ ഓഫീസർ (ഡെപ്യൂട്ടി കളക്ടർ ) വിജയ, തഹസിൽദാർ സുബ്രഹ്മണ്യൻ, ആർ.ഡി.എസ് പ്രോജക്ട് ഓഫീസർ എം.ആർ.ആർ. നായർ, കഴക്കൂട്ടം അസി. കമ്മിഷണർ അനിൽ കുമാർ, ട്രാഫിക് അസി. കമ്മിഷണർ സുരേഷ് കുമാർ, ഭൂഉടമകൾ, വ്യാപാരികൾ, റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.