kanchaav

പാറശാല: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് ട്രെയിനിൽ കടത്തിയ 18 കിലോ കഞ്ചാവുമായി ഒരാൾ പാറശാല റെയിൽവേ പൊലീസിന്റെ പിടിയിലായി. കൊല്ലം മയ്യനാട് മുറിയിൽ ചിറയത്ത് സുനിൽ മന്ദിരത്തിൽ അനിൽകുമാർ (47) ആണ് പിടിയിലായത്. ഇന്നലെ രാവിലെ 11.40 ന് പാറശാല സ്റ്റേഷനിൽ എത്തിയ കന്യാകുമാരി - ബംഗളൂർ ഐലൻഡ് എക്സ്‌പ്രസിലെ റിസർവ്ഡ് കമ്പാർട്ട്മെന്റിലെ യാത്രക്കാരനായിരുന്നു ഇയാൾ. രണ്ട് ബാഗുകളിലായി തുണിയിൽ പൊതിഞ്ഞ നിലയിൽ സീറ്റിനടിയിൽ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു കഞ്ചാവ്. വിശാഖപട്ടണത്ത് നിന്നു വാങ്ങിയ കഞ്ചാവ് കേരളത്തിൽ എത്തിച്ച ശേഷം സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. റെയിൽവേ പൊലീസ് മേധാവി മഞ്ജുനാഥ് ചുമതലപ്പെടുത്തിയ റെയിൽവേയുടെ ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് പ്രഭുലചന്ദ്രൻ, റെയിൽവേ പൊലീസ് ഇൻസ്‌പെക്ടർ ജയകുമാർ എന്നിവരുടെ നിർദ്ദേശ പ്രകാരമായിരുന്നു റെയ്ഡ്. പാറശാല റെയിൽവേ പൊലീസ് എസ്.എച്ച്.ഒ പി.ആർ.ശരത്കുമാർ, എസ്.ഐ.മാരായ അബ്ദുൽവഹാബ്, ശ്രീകുമാരൻ നായർ, എസ്.പി.ഒ ശിവകുമാർ, സി.പി.ഒ മാരായ ബൈജു, റജിൻലാൽ, സന്തോഷ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.