വെള്ളനാട്: അദ്ധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും സാന്നിദ്ധ്യത്തിൽ സ്കൂളിൽ ആഘോഷപൂർവം നടത്തേണ്ട ചടങ്ങ് പെരുവഴിയിൽ നടത്തി. വെളളനാട്ടെ ജി. കാർത്തികേയൻ സ്മാരക വി.എച്ച്.എസ്.എസിൽ 3.31 കോടി രൂപ ഉപയോഗിച്ച് നിർമിക്കുന്ന ബഹുനില മന്ദിരങ്ങളുടെ നിർമ്മാണോദ്ഘാടനമാണ് സ്കൂൾ പി.ടി.എയുടെ എതിർപ്പുകാരണം ഇന്നലെ വൈകിട്ട് സ്കൂളിന് മുന്നിലെ റോഡിൽ പ്രതീകാത്മകമായി നടന്നത്. കെ.എസ്. ശബരീനാഥൻ എം.എൽ.എ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജ്യോതിഷ് കുമാർ, പഞ്ചായത്തംഗങ്ങളായ വെള്ളനാട് ശ്രീകണ്ഠൻ, എ.ആർ.ബിജുകുമാർ, ബിന്ദു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ പ്രശാന്ത്, സത്യദാസ് എന്നിവർ സംസാരിച്ചു.
സ്കൂളിന്റെ വികസനത്തിനും മന്ദിര നിർമ്മാണത്തിനുമായി അനുവദിച്ച തുകയുടെ നിർമ്മാണോദ്ഘാടനം നടത്തുമ്പോൾ സ്കൂൾ പി.ടി.എയുടെ സാന്നിദ്ധ്യമോ,സ്കൂൾ മാനേജ്മെന്റ് എന്ന നിലയിൽ ജില്ലാ പഞ്ചായത്തിന് അർഹിക്കുന്ന പ്രാധാന്യമോ നൽകിയില്ലെന്നും നോട്ടീസ് പ്രിന്റ് ചെയ്തപ്പോൾ സ്കൂൾ അധികൃതരുടേയുടെ പ്രാതിനിദ്ധ്യം ഇല്ലായിരുന്നെന്നുമാണ് പി.ടി.എ യുടെ വാദം. ഇത്തരത്തിൽ അച്ചടിച്ച നോട്ടീസ് സ്കൂളിൽ എത്തിച്ചെങ്കിലും കുട്ടികൾക്ക് വിതരണം ചെയ്യാനോ പരിപാടി ആസൂത്രണം ചെയ്യാനോ പി.ടി.എ തയ്യാറായില്ല. തുടർന്നാണ് സ്കൂളിന് മുന്നിലെ റോഡിൽ ഉദ്ഘാടനം നടത്തേണ്ടി വന്നത്. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്കൂളിൽ ഉദ്ഘാടന നോട്ടീസിൽ സ്വാഗത പ്രാസംഗികയായി ജില്ല പഞ്ചായത്തംഗം മായാദേവിയെ വയ്ക്കാതെ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയുടെ പേരാണ് അച്ചടിച്ചിരുന്നത്. കൂടാതെ കോൺഗ്രസ് ജനപ്രതിനിധികളുടെ പേരും കൂടുതലായി നോട്ടീസിൽ ഉൾപ്പെടുത്തിയിരുന്നതായും ഒരു വിഭാഗം പറയുന്നു. പി.ടി.എ എതിർത്തതോടെ സംഘർഷം ഒഴിവാക്കാൻ ചടങ്ങ് സ്കൂളിന് പുറത്ത് സംഘടിപ്പിക്കുകയായിരുന്നു. ഉദ്ഘാടനത്തിന് ഒരു ദിവസം മുമ്പ് പി.ടി.എ യോഗം ചേർന്ന് ഈ വിവരങ്ങൾ ഉദ്ഘാടകനായ മന്ത്രിയെ അറിയിച്ചിരുന്നതിനാൽ മന്ത്രി എത്തിയില്ല.