തിരുവനന്തപുരം : നല്ല മനുഷ്യരെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികളെ ചെറുത്തുതോല്പിക്കണമെന്ന് മന്ത്രി എ.കെ. ബാലൻ. കാക്കാരുകളിയുടെ ആചാര്യനായ ആർ.കെ. അയ്യപ്പനാശാന്റെ സ്മരണയ്‌ക്കായി അയ്യപ്പനാശാൻ സ്മാരക സാംസ്കാരിക സമിതി ഏർപ്പെടുത്തിയ രണ്ടാമത് അവാർഡ് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന് നൽകുകയായിരുന്നു അദ്ദേഹം. തലമുറകളിലൂടെ പകർന്നുകിട്ടിയ കലാരൂപങ്ങൾ നമ്മുടെ പൈതൃക സമ്പത്താണെന്നും അന്യം നിന്നുപോകുന്ന കലാരൂപങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് സാംസ്‌കാരിക വകുപ്പ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. ഐ.എം.ജി ഡയറക്ടർ കെ. ജയകുമാർ, ലളിതകലാ അക്കാഡമി മുൻ ചെയർമാൻ കാട്ടൂർ നാരായണപിള്ള, ഗിരീഷ് പുലിയൂർ, പൂവത്തൂർ ഭാർഗവൻ, പന്തളം ബാലൻ, രാജേഷ് മണ്ണാമ്മൂല, വട്ടപ്പാറ കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. ആർ.കെ. അയ്യപ്പനാശാൻ എഴുതിയ ശ്രീശങ്കരലീല കാക്കാരുകളി നാടകത്തിന്റെ പുനരാവിഷ്കാരവും നടന്നു.