തിരുവനന്തപുരം: ജനുവരി ഒന്നു മുതൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ പേപ്പർകപ്പ് നിർമാണ യൂണിറ്റുകളും വ്യവസായികളും പ്രതിസന്ധിയിലായതായി കേരളാ പേപ്പർ കപ്പ് മാനുഫാക്‌ചേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രാജേഷ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പൊലൂഷൻ കൺട്രോൾ ബോർഡിന്റെ നിർദ്ദേശാനുസരണം ജൈവ കോട്ടിംഗ് പേപ്പർ കപ്പുകൾ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനമുണ്ടായിരിക്കുന്നത്. ഒരു വർഷത്തേക്കുള്ള സ്‌റ്റോക്ക് കപ്പായും അസംസ്‌കൃത വസ്തുക്കളായും കൈയിലുള്ളതിനാൽ ഒരു വർഷമെങ്കിലും പ്ലാസ്റ്റിക് നിരോധനത്തിന് സാവകാശം അനുവദിക്കണമെന്നും അസോസിയേഷൻ അഭ്യർഥിച്ചു.