02

പോത്തൻകോട്: അണ്ടൂർക്കോണം പഞ്ചായത്തിലെ കണിയാപുരം മേഖലയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നിരവധി ഹോട്ടലുകളിൽ നിന്ന് ഉപയോഗശൂന്യമായ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരങ്ങളിലും കണിയാപുരം ജംഗ്‌ഷൻ മുതൽ മസ്താൻ മുക്കുവരെയുമുള്ള ഹോട്ടലുകളും ബേക്കറികളുമാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ച ഹോട്ടൽ സാജിനും റിയാസ് ഹോട്ടലിനും നോട്ടീസ് നൽകി. റെയിൽവേ ഗേറ്റിന് സമീപത്തെ ചപ്പാത്തി നിർമ്മാണ കടയിൽ വൃത്തിഹീനമായ നിലയിൽ കണ്ടെത്തിയ ചപ്പാത്തികൾ പിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷണശാലകൾക്കും ബേക്കറികൾക്കും മുന്നറിയിപ്പ് നോട്ടീസ് നൽകി. കണിയാപുരം മാർക്കറ്റിൽ മീൻ മണ്ണിട്ട് വിൽക്കുന്നതിനെതിരെയും നടപടി സ്വീകരിച്ചു. അനുവദനീയമല്ലാത്ത പ്ലാസ്റ്റിക് കവറുകൾ പിടിച്ചെടുത്ത് പിഴ ഈടാക്കി. പൊതുസ്ഥലത്ത് പുകവലിച്ചവർക്കും പിഴ ചുമത്തി. മാർക്കറ്റിൽ പരിശോധനയ്ക്കിടെ പരിശോധന നടപടികളെ ചോദ്യം ചെയ്ത പൊതുപ്രവർത്തകൻ ചമഞ്ഞു വന്നയാളെ പൊലീസിൽ ഏല്പിക്കാൻ ശ്രമിക്കുമ്പോഴേക്കും അയാൾ കടന്നുകളഞ്ഞു. ഇനിയുള്ള പരിശോധനകൾ പൊലീസ് സാന്നിദ്ധ്യത്തിലായിരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നിയമലംഘനങ്ങൾക്ക് വിവിധ സ്ഥാപനങ്ങളിൽ നിന്ന് 22,200 രൂപ പിഴ ഈടാക്കി. ആണ്ടൂകോണം മെഡിക്കൽ ഓഫീസർ ഡോ.പ്രദീപ്കുമാർ, പുത്തൻതോപ്പ് ഹെൽത്ത് സൂപ്പർവൈസർ ശശി, ഹെൽത്ത് ഇൻസ്‌പെക്ടർ വിശ്വനാഥൻ, തോന്നയ്ക്കൽ,മംഗലപുരം,പുതുകുറിച്ചി,പുത്തെൻതോപ്പ് എന്നീ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരും പഞ്ചായത്ത് ഉദ്യോഗസ്ഥരായ ഷാജി, സുശികുമാർ, ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.