തിരുവനന്തപുരം: അജു വർഗീസ്, അനൂപ് മേനോൻ, റുഹാനി ശർമ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ കമല നാളെ തിയേറ്ററുകളിലെത്തും. സഫർ എന്ന കഥാപാത്രത്തെയാണ് അജു വർഗീസ് അവതരിപ്പിക്കുന്നത്. വണ്ടിക്കച്ചവടവും സ്ഥലക്കച്ചവടവും നടത്തി ജീവിക്കുന്ന സഫറിന്റെ ജീവിതത്തിലേക്ക് ഒരു യാത്രയ്ക്കിടെ കമല എന്ന പെൺകുട്ടി എത്തിച്ചേരുന്നതിനെ തുടർന്നുള്ള സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. രാവിലെ അഞ്ചര മുതൽ പിറ്റേ ദിവസം വൈകിട്ട് അഞ്ചര വരെയുള്ള 36 മണിക്കൂറിൽ നടക്കുന്ന സംഭവങ്ങളുടെ ദൃശ്യാവിഷ്‌കാരമായ കമല ത്രില്ലർ മൂഡിൽ ഒരുക്കുന്ന റൊമാന്റിക് സസ്‌പെൻസ് ചിത്രമാണ്.
ഡ്രീംസ് എൻ ബിയോണ്ട്‌സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ബിജു സോപാനം, സുനിൽ സുഖദ, ഗോകുലൻ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ അഞ്ജന അപ്പുക്കുട്ടൻ, ശ്രുതി ജോൺ തുടങ്ങിയവരും അഭിനയിക്കുന്നു. ആനന്ദ് മധുസൂദനൻ ഗാനരചനയും സംഗീതസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷഹനാദ് ജലാൽ ആണ്.