pinarayi-vijayan

തിരുവനന്തപുരം: കേരളത്തെ വിജ്ഞാന സമൂഹമായി രൂപപ്പെടുന്നതിനൊപ്പം മെച്ചപ്പെട്ട തൊഴിലവസരങ്ങൾ ലഭിക്കാൻ അഭ്യസ്തവിദ്യരെ പ്രാപ്തരാക്കാനും ലക്ഷ്യമിട്ട് സർവകലാശാലകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും വിദ്യാർത്ഥി യൂണിയൻ പ്രതിനിധികളിൽ നിന്നും ആശയങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വേദിയൊരുക്കുന്നു. Chief Mnister`s Students Leaders Conclave എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. സംസ്ഥാനത്ത് 2 വേദികളാണ് സംഘടിപ്പിക്കുന്നത്. ആദ്യഘട്ട മീറ്റിംഗ് ഡിസംബർ 10 ന് രാവിലെ 9.30 ന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലും രണ്ടാംഘട്ട മീറ്റിംഗ് ജനുവരി രണ്ടാംവാരം കോഴിക്കോട് ഫറൂക്ക് കോളേജിലും സംഘടിപ്പിക്കും. സമ്മേളത്തിൽ സർവകലാശാലകളിലെ എല്ലാ വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളും അഫിലിയേറ്റഡ് കോളേജുകളിലെ ചെയർമാൻമാരും ജനറൽ സെക്രട്ടറിമാരും പങ്കെടുക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ, പരിഹാരം, സംസ്ഥാനത്തിന്റെ ഭാവി വികസനം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ മുഖ്യമന്ത്രി ആശയ വിനിമയം നടത്തും. യോഗത്തിൽ മന്ത്രി ഡോ. കെ.ടി. ജലീലിനോടൊപ്പം ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെയും സാന്നിദ്ധ്യം ഉണ്ടാകും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ്, റൂസ, അസാപ്പ്, എൻ.എസ്.എസ് എന്നീ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.