തിരുവനന്തപുരം: ഇന്ന് തലസ്ഥാനത്ത് എത്തുന്ന റോട്ടറിയുടെ ആഗോള പ്രസിഡന്റ് നോമിനി ശേഖർ മേത്തയ്ക്ക് വൈകിട്ട് 4ന് കവടിയാർ ഉദയാപാലസ് കൺവെൻഷൻ സെന്ററിലും തുടർന്ന് ഗോൾഫ് ക്ലബിലും സ്വീകരണം നൽകും. കേരളത്തിൽ നിന്നും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള റോട്ടറി അംഗങ്ങൾ പരിപാടിയിൽ പങ്കെടുക്കും. റോട്ടറി പ്രസ്ഥാനത്തിന്റെ 100-ാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ശേഖർ മേത്ത നിർവഹിക്കും. ശേഖർ മേത്തയെ അനുമോദിച്ചുകൊണ്ടുള്ള യോഗം ഡിസ്ട്രിക്ട് ഗവ‌ണർ ഷിരീഷ് കേശവൻ ഉദ്ഘാടനം ചെയ്യും. ചെയർമാൻ ജോൺ ഡാനിയൽ അദ്ധ്യക്ഷനാകും. റോട്ടറിയുടെ 50 വർഷം പിന്നിട്ട മുൻ ഗവർണറും ഗവർണേഴ്സ് കൗൺസിൽ ചെയർമാനുമായ ഡോ.കെ. ഉദയകുമാർ,​ മുൻ ഗവ‍ർണർമാരായ രാമസ്വാമി അയ്യർ,​ ജേക്കബ് തോമസ്,​ ജോർജ്ജ് മാത്യു,​ ഭാസ്കരൻ എന്നിവരെ ആദരിക്കും. റോട്ടറിയുടെ പരമോന്നത ബഹുമതിയായ സർവീസ് എബൗ സെൽഫ് അവാർഡ് ഡോ. തോമസ് വാവാനിക്കുന്നേലിന് നൽകും. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി തൗസന്റ് റോട്ടറി ഹോംസ്,​ 11 കോടി രൂപയുടെ മരുന്ന് കൈമാറൽ,​ റോട്ടറി-വൈ. ഡാനിയൽ ഫൗണ്ടേഷൻ മാമോ ബസ്,​ ആശാ കിരൺ പദ്ധതി തുടങ്ങിയ പദ്ധതികൾക്ക് ചടങ്ങിൽ തുടക്കം കുറിക്കുമെന്ന് ഡിസ്ട്രിക്ട് ഗവർണർ ഷിരീഷ് കേശവൻ,​ ഡിസ്ട്രിക്ട് ചെയർമാൻ ഡോ. ജോൺ ഡാനിയൽ,​ ഡിസ്ട്രിക്ട് അഡ്വൈസർ കെ.പി. രാമചന്ദ്രൻ,​ സെക്രട്ടറി ആർ. വിജയകുമാർ,​ റവന്യൂ ഡിസ്ട്രിക്ട് ചെയർമാന്മാരായ കെ. മധുസൂദനൻ,​ കെ.എസ്. സേതുനാഥ്,​ ജനറൽ കോ - ഓ‌ർഡിനേറ്റർ സി. ഷാജി,​ കൺവീനർമാരായ കെ.ആർ. ഹരിമോഹൻ,​ വി.ആർ. സ്വാമിനാഥൻ,​ സുധീർ ദേവരാജൻ,​ സെന്തിൽ സുബ്രഹ്മണ്യൻ,​ ടിമ്മി ആന്റണി പെരേര എന്നിവർ അറിയിച്ചു.