തിരുവനന്തപുരം: പി.എം.ജി വികാസ് ഭവൻ റോഡിലെ ഇരുനില വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പി.എം.ജി വികാസ് ലെയ്‌നിലെ വി.എൽ-5ലാണ് സംഭവം. മൃതദേഹം പുരുഷന്റേതാണെന്നു കരുതുന്നു. ഇന്നലെ രാത്രി 9.30ഓടെ വീടിന്റെ മുകളിലെ നിലയിൽ തീ ഉയർന്നപ്പോൾ നാട്ടുകാർ ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ വീടിന്റെ പിറകുവശത്തെ ജനാലച്ചില്ലുകളും പൊട്ടിത്തെറിച്ചു. വീടിന്റെ കതകുകൾ അകത്തുനിന്നും പൂട്ടിയ നിലയിലായതിനാൽ വാതിൽ പൊളിച്ചാണ് ഫയർഫോഴ്‌സും പൊലീസും അകത്തുകടന്നത്. തീഅണയ്‌ക്കുന്നതിനിടെയാണ് മുകളിലത്തെ നിലയിലെ കട്ടിലിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. ബെഡ് പൂർണമായും കത്തിനശിച്ചിരുന്നു. കമിഴ്ന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഗ്യാസ് ചോർച്ചയെന്നാണ് ആദ്യം കരുതിയതെങ്കിലും ഗ്യാസും മറ്റു സംവിധാനങ്ങളും താഴത്തെ നിലയിലാണുള്ളത്. വിദേശത്തു കഴിയുന്ന കോവളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വീട് മൂന്നുവർഷമായി വാടകയ്ക്കു കൊടുത്തിരിക്കുകയാണ്. കെ.എസ്.ഇ.ബിയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥയും ഭർത്താവുമാണ് ഇവിടെ താമസിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവ സമയത്ത് ഇവർ വീട്ടിൽ ഉണ്ടായിരുന്നോ എന്നതിൽ ഉറപ്പില്ല. മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.