crime

കൊച്ചി: പെരുമ്പാവൂരിൽ യുവതിയെ കൈക്കോട്ട് കൊണ്ട് തലയ്ക്കടിച്ച് ബോധം കെടുത്തി ക്രൂരമായി മാനഭംഗം ചെയ്തശേഷം കൊലപ്പെടുത്തിയ പ്രതി ഉമർ അലി അസം ന്യൂഗാവ് ജില്ലക്കാർ നാടുകടത്തിയ കൊടും ക്രമിനൽ. സ്ത്രീകളെ ശല്യം ചെയ്യലും കൈയ്യേറ്റവും പതിവാക്കിയതോടെയാണ് ഇരുപത്തിയേഴുകാരനെതിരെ നാട്ടുകാർ സംഘടിതമായി തിരിഞ്ഞത്. ഒടുവിൽ നിൽക്കകള്ളിയില്ലാതെ ഉമർ നാടുവിടുകയായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ഇയാൾ വീടുവിട്ടിറങ്ങിയത്. എവിടേക്കാണ് പോയതെന്ന് വീട്ടുകാരെ അറിയിച്ചിരുന്നില്ല. ഉമർഅലി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ തന്നെ ഇയാളുടെ അസമിലെ വീട്ടിൽ പൊലീസ് എത്തിയിരുന്നു. ഈ സമയത്ത് പ്രദേശവാസികളാണ് ഉമർഅലിയുടെ സ്വഭാവ ദൂഷ്യങ്ങൾ ഒന്നൊന്നായി വിവരിച്ചത്.

പൊലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ പ്രതിയുടെ കൈവശം മറ്റ് രേഖകൾ ഒന്നും ഉണ്ടായിരുന്നില്ല. ഉമർഅലി ആരോടൊപ്പമാണ് കേരളത്തിൽ എത്തിയതെന്നടക്കം അന്വേഷിച്ച് വരികയാണ്. അതേസമയം, പതിവായി കഞ്ചാവ് ഉപയോഗിക്കുന്ന ആളാണ് ഉമർ. കഞ്ചാവ് ലഹരിയിലാണ് ഇയാൾ യുവതിയെ തലയ്ക്കടിച്ച് വീഴ്ത്തി മാനഭംഗപ്പെടുത്തി കൊന്നതെന്നാണ് പൊലീസ് നിഗമനം. സി.സി.ടി.വിയിൽ ദൃശ്യങ്ങളിൽ ഇയാളുടെ പെരുമാറ്റം അമിത ലഹരി ഉപയോഗിച്ച ആളുകളോട് സമാനമാണ്.

കേസിൽ ഇന്നലെ രാത്രി ഒരു മണിക്കാണ് ഉമർഅലിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. പിന്നീട് മജിസ്‌ട്രേട്ടിന് മുന്നിൽ ഹാജരാക്കിയ ഉമർ അലിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അതേസമയം, കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കും. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്തുളള ഹോട്ടൽ ഇന്ദ്രപ്രസ്ഥയ്ക്കരികിലെ ചെറിയ ഇടവഴിയോട് ചേർന്ന വരാന്തയിൽ ഇന്നലെ രാവിലെയാണ് 38കാരിയുടെ പൂർണനഗ്‌നമായ ജഡം രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

യുവതിയെ വലിച്ചിഴച്ച് കൊണ്ടുവന്ന ശേഷമാണ് മാനഭംഗപ്പെടുത്തിയത്. തുടർന്ന് കൈക്കോട്ട് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ ഇതെല്ലാം പതിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ശേഷം കാമറ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾ അതും തല്ലിപ്പൊളിച്ചു. ഇന്നലെ രാവിലെ അഞ്ചരയ്ക്ക് ഹോട്ടൽ തുറക്കാനെത്തിയ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. വിവാഹബന്ധം വേർപെടുത്തി കഴിയുകയായിരുന്നു യുവതി. പിന്നീട് ഒരു ഉത്തരേന്ത്യക്കാരനൊപ്പം കുറച്ചുനാൾ കഴിഞ്ഞിരുന്നുവത്രെ.

രാവിലെ നാടകം

രാത്രി ഊരുചുറ്റൽ

രാവിലെ മുഷിഞ്ഞ വേഷത്തിൽ ഭിക്ഷാടനം. കിട്ടുന്ന പണത്തിന് കഞ്ചാവ് പുകച്ച് രാത്രി ഊരുചുറ്റൽ. പെരുമ്പാവൂരിൽ എത്തിയ അന്ന് മുതൽ ഉമർഅലിയുടെ ജീവിതചര്യ ഇതാണ്. ഭിക്ഷാടനത്തിലൂടെ കുറച്ച് പണം മാത്രമേ കിട്ടിയുള്ളു എങ്കിലും ലഹരിയിൽ മതിമറിയാൻ ഉമറിന് പല വിദ്യകളും അറിയാം. പ്രമുഖ ബ്രാന്റിന്റെ പശയുടെ ചെറിയ ടിൻ വാങ്ങും. പിന്നെ ഇതുമായി ആളൊഴിഞ്ഞയിടത്ത് ഇരുന്ന് പശ ചൂടാക്കി ശ്വസിക്കും. പശ ചൂടാകുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിക്കുന്നത് കടുത്ത ഉന്മാദത്തിലേക്ക് എത്തിക്കും. ഈ ലഹരിയിൽ പിന്നീട് രാത്രി കറക്കം തുടങ്ങും.

ഉമർഅലിക്ക് പെരുമ്പാവൂരിലെ ലൈംഗിക തൊഴിലാളികളുമായി ബന്ധമുണ്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം, താൻ കുറ്റം ചെയ്തിട്ടില്ലെന്നാണ് ഉമർ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. എന്നാൽ, ഇയാളുടെ വസ്ത്രത്തിൽ നിന്ന് യുവതിയുടെ ചോരയും സ്ഥലത്ത് നിന്ന് പ്രതിയുടെ വിവരലടയാളവും കണ്ടെടുത്തിട്ടുണ്ട്. സി.സി.ടി.വി ദൃശ്യമാണ് പ്രധാന തെളിവ്.

യുവതിയെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷമാണ് ഇയാൾ മാനഭംഗത്തിന് ഇരയാക്കിയത്. തുടർന്നും കൈക്കോട്ട് ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. മുഖത്താണ് കൂടുതൽ അടിയേറ്റിട്ടുള്ളത്. മുഖം വികൃതമാക്കിയത് ആളെ തിരിച്ചറിയാതിരിക്കാൻ ചെയ്തതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പകൽ ആളുകളോട് സൗമ്യമായാണ് ഉമർഅലി പെരുമാറിയിരുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. പലർക്കും ഉമർഅലിക്ക് ഇങ്ങനെ ഒരു മുഖം ഉണ്ടായിരുന്നു എന്ന് പോലും വിശ്വസിക്കാനായിട്ടില്ല. യുവതിയുമായി സംസാരിക്കുന്നത് മുതൽ കൊലപ്പെടുത്തുന്നത് വരെയുള്ള സിസി ടിവി ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്.