nemom-vizhinjam

നെയ്യാറ്റിൻകര: തിരുവനന്തപുരത്തിന്റെ സാറ്റലൈറ്റ് സ്റ്റേഷനാകാൻ പരിഗണിച്ചിരുന്ന നേമം റെയിൽവേ സ്റ്റേഷന്റെ വികസനം ആരംഭിച്ചു. തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി എന്നിവ കഴിഞ്ഞാൻ മൂന്നാമത്തെ കോച്ചിംഗ് ടെർമിനലായാണ് നേമത്തിന്റെ വികസനം. നേമം വികസനം യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരം സെൻട്രലിൽ ട്രെയിൻ ഹാൾട്ട് ചെയ്യുന്നതിനുള്ള തിരക്ക് കുറയുമെന്നാണ് വിലയിരുത്തൽ. ഇതിനായി തുകയും അനുവദിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ച് 7നാണ് റെയിൽവേ വകുപ്പ് മന്ത്രി പീയൂഷ് ഗോയൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടത്. ഒരു വർഷത്തിനകം പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. എന്നാൽ നേമത്ത് വികസനം വരുന്നതോടെ വരുമാനത്തിന്റെ കാര്യത്തിൽ തിരുവനന്തപുരം ഡിവിഷന് വലിയ തിരിച്ചടിയാകും. തിരുവനന്തപുരം മുതൽ നാഗർകോവിൽ വരെയുള്ള ഭാഗം മധുര ഡിവിഷനിലേക്ക് മാ​റ്റുന്നതിനുള്ള നടപടികളാണ് ഇപ്പോൾ നടന്നു വരുന്നത്. ഈ ഭാഗത്തെ ഗതാഗത ചുമതല മധുര ഡിവിഷനിലേക്ക് മാ​റ്റിയതായി ഉദ്യോഗസ്ഥർ പറയുന്നു. ഇതോടെ തിരുവനന്തപുരത്തെ റവന്യൂ വരുമാനം മധുര ഡിവിഷന്റെ പരിധിയിൽ വരും. തിരുനെൽവേലിക്കടുത്തുള്ള മേലേപ്പാളയം മുതൽ വള്ളത്തോൾ നഗർ വരെയാണ് മധുര ഡിവിഷൻ അതിർത്തി. നേമം സ്റ്റേഷൻ മധുര ഡിവിഷനിലേക്ക് മാറ്റുമ്പോൾ നേമത്തേക്ക് ചരക്ക് എത്തിക്കുന്ന പുതിയ വിഴിഞ്ഞം തുറമുഖവും മധുര ഡിവിഷനിൽ വരും. ഇതോടെ തിരുവനന്തപുരത്തിന് കിട്ടേണ്ട വൻ വരുമാനമാണ് മധുര ഡിവിഷന് സ്വന്തമാകുന്നത്.

 വികസനത്തിന് അനുവദിച്ച തുക......... 148.32 കോടി

 വികസനം നടത്തുന്നത്.......... 7.18 ഹെക്ടറിൽ

നേമം കോച്ചിംഗ് ടെർമിനലിലെ നിർമ്മാണം ഇങ്ങനെ

1. രണ്ട് പ്ലാറ്റ് ഫോം, ഒപ്പം പ്ലാറ്റ്ഫോം ഷട്ടർ, ട്രാക്ക്, ഓവർബ്രിഡ്ജ്, 5 സ്റ്റേബ്ലിംഗ് ലൈൻ, ഒരു ഷഡ്ഡിംഗ് നെക്ക്


 തിരുവനന്തപുരം ഡിവിഷൻ

1979ൽ ആണ് തിരുവനന്തപുരം ഡിവിഷൻ രൂപീകരിക്കുന്നത്. സതേൺ റെയിൽവേയിലെ ഏ​റ്റവും ചെറിയ ഡിവിഷനുകളിൽ ഒന്നാണിത്. 625 കിലോമീ​റ്റർ റെയിൽപ്പാതയും 108 സ്​റ്റേഷനുകളുമാണുള്ളത്. കേരളത്തിലെ റെയിൽവേക്ക് ഇതു വഴിയുണ്ടാകുന്ന റവന്യൂ നഷ്ടം കേരളത്തിലെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കും.
നാഗർകോവിൽ, ഇരണിയൽ, നെയ്യാ​റ്റിൻകര, പാറശാല, നേമം തുടങ്ങിയ സ്​റ്റേഷനുകളുടെ വരുമാനം മധുരയ്ക്ക് കൈമാറുമ്പോൾ തിരുവനന്തപുരം ഡിവിഷന്റെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാകും. ഈ ഡിവിഷൻ വിഭജനം തമിഴ്‌നാട്ടിലെ ചില നേതാക്കളുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നും പറയപ്പെടുന്നു. വിഴിഞ്ഞം തുറമുഖത്ത് നിന്നുള്ള ചരക്ക് നീക്കം മുന്നിൽ കണ്ടാണ് വിഭജനം നടത്തുന്നതെന്നും ആക്ഷേപമുണ്ട്.

കൂടുതൽ വരുമാനമുള്ള തിരുവനന്തപുരം ഡിവിഷന്റെ പ്രധാന ഭാഗങ്ങൾ മധുര ഡിവിഷനിലേക്ക് മാറുമ്പോൾ ഉണ്ടാകുന്ന ധനനഷ്ടം വളരെ വലുതാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൽ ഈ മാറ്റത്തിനെതിരെ സമ്മർദ്ദം ചെലുത്താനുള്ള തീരുമാനവുമുണ്ട്.

- കെ. ആൻസലൻ എം.എൽ.എ