അമേരിക്കയിലെ ഫ്ലോറിഡയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്‌ത പാമ്പ് ഗവേഷണ കേന്ദ്രമാണ് മിയാമി സെർപെന്റേറിയം ലബോറട്ടറീസ്. വൈദ്യശാസ്ത്ര - ഗവേഷണരംഗങ്ങളിൽ ഉപയോഗിക്കാനുള്ള വിവിധ തരം പാമ്പിൻ വിഷങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. പാമ്പിൻ വിഷത്തിനെതിരെയുള്ള ആന്റിവെനവും ഇവിടെ നിർമിക്കുന്നുണ്ട്. 'പാമ്പ് മനുഷ്യൻ' എന്നറിയപ്പെടുന്ന ബിൽ ഹാസ്റ്റാണ് ഈ ലാബിന് പിന്നിലുള്ളത്.
170 തവണ പാമ്പു കടിയേറ്റിട്ടുള്ള ബിൽ 60 വർഷംകൊണ്ട് മൂന്ന് ദശലക്ഷം വിഷപ്പാമ്പുകളെ കൈകാര്യം ചെയ്‌തു. ഓരോ ദിവസവും കുറഞ്ഞ അളവിൽ വ്യത്യസ്ത പാമ്പിൻ വിഷം ബിൽ സ്വയം കുത്തിവച്ചിരുന്നു. അങ്ങനെ ബില്ലിന്റെ രക്തത്തിൽ പാമ്പു വിഷത്തെ പ്രതിരോധിക്കത്തക്ക ആന്റിബോഡികൾ ഉണ്ടായി. ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള പാമ്പുകടിയേറ്റ 21 പേരെ ബില്ലിന് തന്റെ രക്തമുപയോഗിച്ച് രക്ഷിക്കാനായി.
കളിച്ചു നടക്കേണ്ട പ്രായത്തിൽ പാമ്പുകളുടെ കൂട്ടുകാരനായ ബിൽ ഏഴാം വയസിൽ ഒരു പാമ്പിനെയുംകൊണ്ട് വീട്ടിൽ എത്തി. 15ാം വയസിൽ പാമ്പിൽ നിന്നും വിഷം ശേഖരിക്കാൻ തുടങ്ങിയ ബില്ലിനെ സ്‌കൂളിൽ നിന്നും പുറത്താക്കി. ബില്ലിന് പാമ്പുമായുള്ള അമിത ചങ്ങാത്തം കാരണം ആദ്യ ഭാര്യ ഉപേക്ഷിച്ചുപോയി. ഇത്രയധികം തവണ പാമ്പുകടിയേറ്റ് ജീവിച്ചതിന്റെ പേരിൽ ബിൽ ഗിന്നസ് ബുക്കിൽവരെ ഇടം നേടി. 2011ൽ തന്റെ 100 -ാം വയസിലാണ് ബിൽ അന്തരിച്ചത്.
സൗത്ത് അമേരിക്ക, ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വിവിധയിനം പാമ്പുകളെ ബിൽ അമേരിക്കയിലേക്കെത്തിച്ചു. 1946ലാണ് സ്വന്തം വീട് വിറ്റ് പാമ്പുകൾക്കായി ബിൽ സെർപെന്റേറിയം പണിതത്. സൗത്ത് മിയാമിയിലെ ടൂറിസ്‌റ്റ് ആകർഷണ കേന്ദ്രം കൂടിയായിരുന്ന ഇവിടെ സന്ദർശകർക്ക് മുന്നിൽ വച്ച് തന്നെ ബിൽ പാമ്പിന്റെ നിന്നും വിഷം ശേഖരിച്ചിരുന്നു. അന്ന് തീം പാർക്കും മ്യൂസിയവും സെർപെന്റേറിയത്തിൽ ഉണ്ടായിരുന്നു. ബില്ലിന് ഗ്രീൻ മാമ്പ, കേപ് കോബ്ര, ഇന്ത്യൻ മൂർഖൻ, രാജവെമ്പാല തുടങ്ങിയ പാമ്പുകളുടെയെല്ലാം കടി കിട്ടിയിട്ടുണ്ട്.
1977ൽ സെർപെന്റേറിയത്തിൽ മുതലകളെയും ചീങ്കണ്ണികളെയും പാർപ്പിച്ചിരുന്ന കുളത്തിലേക്ക് സന്ദർശനത്തിനെത്തിയ 6 വയസുകാരൻ വീഴുകയുണ്ടായി. കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും 12 അടി നീളമുള്ള ഭീമൻ മുതലയുടെ ആക്രമണത്തിൽ കുട്ടി മരിച്ചു. ഇതേ തുടർന്ന് മാനസികമായി തളർന്ന ഹാസ്റ്റ് മുതലയെ വെടിവച്ച് കൊല്ലുകയും 1984ൽ സൗത്ത് ഡിക്‌സി ഹൈവേയിൽ സ്ഥിതി ചെയ്‌തിരുന്ന സെർപെന്റേറിയം അടയ്ക്കുകയും ചെയ്തു. പിന്നീട് 1990ൽ ഫ്ലോറിഡയിൽ മിയാമിയിൽ സെർപെന്റേറിയം ലാബ് സ്ഥാപിക്കുകയായിരുന്നു.