ppp

നെയ്യാറ്റിൻകര: ശബരിമലയിലെ ഭസ്‌മക്കുളത്തിൽ മുങ്ങിത്താഴുകയായിരുന്ന കുഞ്ഞയ്യപ്പന്റെ ജീവൻ രക്ഷിച്ച സന്തോഷത്തിലാണ് നെയ്യാറ്റിൻകര സ്വദേശിയായ സുനിൽകുമാർ. ശാസ്‌താന്തല മണലിവിള സ്വദേശിയായ എസ്.പി. സുനിൽകുമാറും സഹപ്രവർത്തകൻ വിനോദും ചേർന്നാണ് കർണാടക കടവൂരിൽ നിന്നു മഞ്ചുരാജ് എന്നയാൾക്കൊപ്പമെത്തിയ ഏഴുവയസുകാരൻ സഞ്ചുവിനെ രക്ഷിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനേ സന്നിധാനത്തിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഫയർഫോഴ്സ് ജീവനക്കാരൻ സുനിൽകുമാർ കുളത്തിലേക്ക് ചാടുകയായിരുന്നു. ഇതുകണ്ട സഹപ്രവർത്തകൻ വിനോദ് ഒപ്പം ചാടുകയും മുങ്ങിത്താഴ്ന്നുപോകുകയായിരുന്ന സഞ്ചുവിനെ ഇരുവരും ചേർന്ന് രക്ഷിക്കുകയുമായിരുന്നു. ചാക്ക ഫയർഫോഴ്സ് യൂണിറ്റിലെ ജീവനക്കാരനായ സുനിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ പരേതനായ ശ്രീനിവാസന്റെ മകനാണ്.