തിരുവനന്തപുരം: ക്ഷേമനിധി ആനുകൂല്യം പരിഷ്കരിക്കുക, മത്സ്യമാർക്കറ്റുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മത്സ്യ അനുബന്ധ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച രാപ്പകൽ സമരം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ. സഫറുള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പുല്ലുവിള സ്റ്റാൻലി, ജില്ലാ പ്രസിഡന്റ് വി. ലൈജു, ഷാജഹാൻ വെട്ടുമ്പുറം തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട് മത്സ്യത്തൊഴിലാളികളുടെ പ്രതീകാത്മക അന്തിച്ചന്തയും കലാപരിപാടികളും നടന്നു. ഇന്ന് നടക്കുന്ന സമാപന സമ്മേളനം സംഘാടക സമിതി ചെയർമാൻ സി. ജയൻബാബു ഉദ്ഘാടനം ചെയ്യും.