challimukku

പാലോട്: വിശന്നു വരുന്നവർക്ക് പ്രതീക്ഷയുടെ പുതുജീവൻ പകരുകയാണ് നവജീവൻ പ്രവാസി ആൻഡ് എക്സ് പ്രവാസി വാട്സാപ്പ് ഗ്രൂപ്പ്‌ കൂട്ടായ്മ. ഇതിലേക്കായി പാലോട് ചല്ലിമുക്ക് ജംഗ്‌ഷനിൽ ഒരു കിയോസ്കും സ്ഥാപിച്ചിട്ടുണ്ട്. ആർക്കും ഇവിടെ നിന്ന് ഉച്ചഭക്ഷണം സൗജന്യമായി ലഭിക്കും. നവംബർ 1 മുതലാണ് ഈ സംരംഭം ആരംഭിച്ചത്. വിശന്നു വലഞ്ഞു വരുന്നവർക്ക് ഒരു കുപ്പി വെള്ളവും പൊതിച്ചോറും ലഭിക്കും. ചില ദിവസങ്ങളിൽ ബിരിയാണിയും ലഭിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മുതൽ ഭക്ഷണം ലഭ്യമായി തുടങ്ങും. ഭക്ഷണം തീരുന്നതിനനുസരിച്ച് കിയോസ്ക് നിറച്ചുകൊണ്ടിരിക്കും. അതിനാൽ വിശന്നു വരുന്നവർ നിരാശരായി മടങ്ങേണ്ടിവരില്ല. ഹുസൈൻ, സജീവ്, പ്രകാശ്, സാജുപിള്ള, സിറാജുദീൻ, ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള അറുപതു അംഗങ്ങളുടെ കൂട്ടായ്മയാണ് 'വിശക്കുന്ന വയറിന് ഒരു പൊതി' എന്ന പദ്ധതിക്ക് നേതൃത്വം നൽകുന്നത്. വിശപ്പിന്റെ വിളികേൾക്കുന്ന ഈ മാതൃകാ സംരംഭം വളരെ വിജയകരമായി തുടരുകയാണ്.